ജെ.ഡി.എസിന്റെ വെല്ലുവിളി ഏറ്റെടുത്തു; കര്‍ണാടക മുഖ്യമന്ത്രി മണ്ഡലം മാറി മത്സരിക്കും
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത്തവണ മത്സരിക്കുന്നത് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ മൈസൂരു ജില്ലയിലെ വരുണ മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചാമുണ്ഡേശ്വരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇവിടെ മത്സരിക്കുന്ന കാര്യം അറിയിച്ചത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുന്നത് 100 ശതമാനവും ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് സിദ്ധരാമയ്യ മത്സരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പരാജയമുണ്ടാകുമെന്ന പേടികൊണ്ടാണ് അദ്ദേഹം ഇവിടെ മത്സരിക്കാന്‍ തയാറാകാത്തതെന്നും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ ഇവിടെതന്നെ മത്സരിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്.
2006ല്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരി. അന്ന് 257 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചാമുണ്ഡേശ്വരിയില്‍ മത്സരിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന് ജെ.ഡി.എസ് മുന്നറിയിപ്പ് നല്കി. അതേസമയം സിദ്ധരാമയ്യ മത്സരിച്ച് ജയിക്കുന്ന വരുണ മണ്ഡലത്തില്‍ ഇത്തവണ മകന് യതീന്ദ്രയാണ് മത്സരിക്കുന്നത്. എന്നാല്‍ യതീന്ദ്രക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമായ വിവരം നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."