'മോദി പാവങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന്' ബി.ജെ.പി നേതാവ്
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബി.ജെ.പിക്ക് ചുവടുകള്‍ പിഴക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെ പിഴച്ച ചുവടുകളുമായി പ്രചാരണം നടത്തുന്നത് സാമൂഹിക മാധ്യമങ്ങളില്‍പോലും വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഇതിനിടയില്‍ മോദി പാവങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ബി.ജെ.പി നേതാവിന്റെ കൂടി പരാമര്‍ശം വന്നതോടെ പാര്‍ട്ടി കടുത്ത പ്രതിരോധത്തിലാണ്.
കഴിഞ്ഞ ദിവസം ദേവനഗരെയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സംസ്ഥാന അധ്യക്ഷനുമയ ബി.എസ് യദ്യൂരപ്പയെ അടുത്തിരുത്തിയാണ് അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചത്. 2008ല്‍ മുഖ്യമന്ത്രിയായിരിക്കെ യദ്യൂരപ്പക്കെതിരായി അഴിമതി ആരോപണം ഉയരുകയും അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിവരികയും ചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെങ്കിലും യദ്യൂരപ്പയുടെ പേര് പരാമര്‍ശിച്ചത് സംസ്ഥാന ബി.ജെ.പി ഘടകത്തില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് അമിത്ഷായുടെ പ്രചാരണ പരിപാടിയില്‍ വീണ്ടും പാര്‍ട്ടിക്ക് അടിതെറ്റിയത്. അമിത്ഷാ നടത്തിയ ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രഹ്‌ളാദ് ജോഷി എം.പിയാണ് ഇത്തവണ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേവനാഗരയ്ക്കടുത്ത ചെല്ലക്കരെയില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് സിദ്ധരാമയ്യക്കെതിരായ ആരോപണം സ്വന്തം പ്രധാനമന്ത്രിക്കെതിരായി പ്രയോഗിച്ചത്. സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ണാടകത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ല, ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുകയാണെങ്കില്‍ പ്രഥമ പരിഗണന നല്‍കുക ആദിവാസികളുടേയും ദലിതരുടേയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായിരിക്കുമെന്നും അമിത് ഷാ പറഞ്ഞത് കന്നഡയിലേക്ക് മൊഴിമാറ്റിയപ്പോള്‍ ദലിതര്‍, പാവപ്പെട്ടവര്‍, പിന്നോക്ക ജനവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി മോദി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം രാജ്യത്തെ നശിപ്പിക്കുകയാണെന്നുമാണ് പ്രഹ്ലാദ് ജോഷി പറഞ്ഞത്. ബി.ജെ.പി ദേശീയ പ്രസിഡന്റിന്റെ നാക്കുപിഴയും അദ്ദേഹത്തിന്റെ ഹിന്ദി പ്രസംഗത്തിന്റെ കന്നഡ പരിഭാഷയിലൂടെ പ്രഹ്ലാദ് ജോഷി എം.പി മോദിക്കെതിരായി നടത്തിയ പരാമര്‍ശവും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെ വെട്ടിലാക്കിയിരിക്കുകയാണ്. നേതാക്കളുടെ നാക്കുപിഴ ഏറ്റെടുത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതും ബി.ജെ.പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് നിരവധി പരാമര്‍ശങ്ങളാണ് വന്നത്. ഇതോടെ തനിക്ക് നാക്കുപിഴയുണ്ടായെങ്കിലും കന്നഡ ജനങ്ങള്‍ക്ക് പിഴക്കില്ലെന്ന ന്യായീകരണം നടത്തിയാണ് അമിത്ഷാ വിമര്‍ശനത്തെ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."