വഹാബിസം പ്രചരിപ്പിച്ചത് പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യപ്രകാരം: സഊദി കിരീടാവകാശി
വാഷിങ്ടണ്‍: ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂനിയനെ തകര്‍ക്കാനായി പാശ്ചാത്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് സഊദിയുടെ നേതൃത്വത്തില്‍ ലോകവ്യാപകമായി വഹാബിസം പ്രചരിപ്പിക്കാന്‍ തുടങ്ങിയതെന്ന് സഊദി കിരീടാവകാശി. വഹാബിസം പ്രചരിപ്പിക്കാന്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ സഊദിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ 'വാഷിങ്ടണ്‍ പോസ്റ്റി'നോട് വെളിപ്പെടുത്തി. അമേരിക്കയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്രത്തിന് 75 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം അനുവദിച്ചത്.
മുസ്‌ലിം നാടുകളിലെ സോവിയറ്റ് യൂനിയന്റെ അധിനിവേശം തടയാനായി അവിടങ്ങളിലെ മദ്‌റസകള്‍ക്കും പള്ളികള്‍ക്കും ധനസഹായം നല്‍കണമെന്നും പാശ്ചാത്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സഊദിയുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ഈ രാജ്യങ്ങളില്‍ വഹാബിസം പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് അമേരിക്കയോട് ആഭിമുഖ്യമുള്ള പാശ്ചാത്യന്‍ രാജ്യങ്ങളാണ്. പക്ഷെ, ഇതു മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സഊദി സര്‍ക്കാരിനു കൂടുതലായൊന്നും സാധിച്ചില്ല. ചിലയിടത്തെല്ലാം സ്വാധീനം നഷ്ടപ്പെട്ടു. ഇതു തിരിച്ചുപിടിക്കണം.'- കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിലവില്‍ വിദേശത്ത് വഹാബി ആശയപ്രചാരണത്തിന് സഊദി സര്‍ക്കാരല്ല പണം ചെലവഴിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സഊദിയിലെ ചില ഫൗണ്ടേഷനുകളാണ് ഇപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകമാനം വ്യാപിക്കുന്ന ഭീകരവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം സഊദിയില്‍ ശക്തമായ വഹാബി ആശയമല്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."