നാളെ മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കം
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാനത്ത് നാളെമുതല്‍ കടുത്ത സാമ്പത്തിക അച്ചടക്കത്തിന് സര്‍ക്കാര്‍. ധനപ്രതിസന്ധിയും ധനകമ്മിയും റവന്യൂകമ്മിയും അനുവദനീയ പരിധിയില്‍ നിലനിര്‍ത്താനും സംസ്ഥാനത്തിന്റെ ആകെ ചെലവുകള്‍, അനുവദനീയമായ വായ്പ ഉള്‍പ്പെടെയുള്ള വരുമാനത്തിനകത്ത് നിലനിര്‍ത്താനും വേണ്ടിയാണ് സാമ്പത്തിക നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം.
നിലവിലുള്ള വിലനിയന്ത്രണ ഉത്തരവുകള്‍ കര്‍ശനമായി പാലിച്ചും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുമുള്ള നടപടികളിലൂടെ സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തും. ശമ്പളവും പെന്‍ഷനും താങ്ങാനാകാത്തതിനാല്‍ കൃത്യമായ പഠനത്തിനുശേഷമേ പുതിയ തസ്തികകള്‍ സൃഷ്ടിക്കൂ. വകുപ്പില്‍തന്നെ പുനര്‍വിന്യാസ സാധ്യതകള്‍ പരിശോധിച്ച് രണ്ടുമാസത്തിനകം തീരുമാനമെടുക്കുകയും ചെയ്യും.
കരാര്‍നിയമനങ്ങള്‍ നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ക്ഷേമനിധിബോര്‍ഡുകള്‍ ഒരു കുടക്കീഴിലാക്കിയും ചെലവ് കുറയ്ക്കും. നിലവിലുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തും. കര്‍ശന പരിശോധനക്കു ശേഷമേ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കൂ.
സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങില്ല. വകുപ്പുകളില്‍ രജിസ്റ്റര്‍ ഉണ്ടാക്കി വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 14 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തും. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിദേശയാത്രകള്‍ അനുവദിക്കൂ. വിഡിയോ കോണ്‍ഫറന്‍സ് വഴി യാത്രാചെലവുകള്‍ കുറയ്ക്കും. ചെലവുകുറഞ്ഞ മൊബൈല്‍ പാക്കേജിലേക്ക് മാറി ടെലഫോണ്‍ ചെലവ് കുറയ്ക്കും. നാളെ മുതല്‍ 440 രൂപ വരെയുള്ള മൊബൈല്‍ ബില്ലുകള്‍ മാത്രമേ റീ ഇംബേഴ്‌സ് നല്‍കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."