വിവാദ ഭൂമിയിടപാട്: നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കര്‍ദിനാള്‍
കൊച്ചി/ചേര്‍ത്തല: വിവാദ ഭൂമിയിടപാട് വിഷയത്തില്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തിന്റെ നിയമങ്ങള്‍ വച്ച് കനോന്‍ നിയമങ്ങളില്‍ ഇടപെടരുതെന്ന് കര്‍ദിനാള്‍ പറഞ്ഞു.
ദുഃഖ വെള്ളിയോടനുബന്ധിച്ച് ഇന്നലെ കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കിടെയായിരുന്നു ആലഞ്ചേരിയുടെ പരാമര്‍ശം. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നത്. എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാക്കണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല. അപരന്റെ ജീവിതത്തില്‍ നമുക്ക് കടപ്പാടുണ്ട്. അവന്‍ അനാഥനായി മരിക്കാന്‍ പാടില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍പ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും കര്‍ദിനാളിന്റെ അഭിഭാഷകന്‍ ഈ നിലപാടെടുത്തിരുന്നു. എന്നാല്‍ അന്ന് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.
എന്നാല്‍ കര്‍ദിനാളിന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും രാജ്യത്തെ നിയമവ്യവസ്ഥയെ കര്‍ദിനാള്‍ വെല്ലുവിളിച്ചിട്ടില്ലെന്നും സിറോമലബാര്‍സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."