ഉച്ചയൂണില്ല: വിശപ്പില്ലാ നഗരം പദ്ധതിയില്‍പ്പെട്ട ഭക്ഷണശാല അടച്ചു പൂട്ടാനൊരുങ്ങുന്നു
ചേവായൂര്‍: ഏറെ പ്രശംസ പിടിച്ചുപറ്റിയ സാമൂഹ്യ നീതിവകുപ്പിന്റെ വിശപ്പില്ലാ നഗരം പദ്ധതിയില്‍പ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഭക്ഷണ ശാല അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഉച്ചയൂണ്‍ വിതരണം പുനസ്ഥാപിക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് ഈ ദുരവസ്ഥക്ക് കാരണം.
മൂന്ന് മാസം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് ഇവിടെനിന്ന് ലഭിച്ച ഭക്ഷണത്തില്‍നിന്നും എലിയുടെ അവശിഷ്ടം കിട്ടിയതോടെ ഭക്ഷണശാല അടച്ചുപൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഊണിന് പകരം ജയിലില്‍ നിന്നെത്തിക്കുന്ന ചപ്പാത്തിയും കറിയുമാണ് നല്‍കി വരുന്നത്. എന്നാല്‍ ഉച്ച സമയത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചപ്പാത്തിയോട് താല്‍പര്യം കുറഞ്ഞുവരികയാണ്.
1500ല്‍ അധികം ആളുകള്‍ ദിനംപ്രതി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത് ഇപ്പോള്‍ 300ല്‍ താഴെയായി ചുരുങ്ങി. ഈ രംഗത്ത് മുന്‍ പരിചയമില്ലാത്ത വ്യക്തിക്ക് കരാര്‍ ലഭിച്ചതോടെയാണ് ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന പദ്ധതിയുടെ താളം തെറ്റിയത്.ഇപ്പോള്‍ അധികൃതരും പദ്ധതിയോട് വലിയ താല്‍പര്യം കാണിക്കാത്ത അവസ്ഥയിലാണ്.വൃത്തിഹീനമായ ഭക്ഷണ ശാലയുടെ അടുക്കള അടിയന്തരമായി അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിച്ചിരുന്നു. ഒരാഴ്ചകൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് അന്ന് സംഭവസ്ഥലത്തെത്തിയ പി.ഡബ്ലു.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നങ്കിലും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.
ആരോപണ വിധേയനായ കരാറുകാരന്‍ ഭക്ഷണ ശാല നടത്താന്‍ വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നടത്തുകയാണ്.ആളുകളുടെ താല്‍പര്യം കുറയ്ക്കാനാണ് ദിവസവും ചപ്പാത്തി നല്‍കുന്നതെന്നും ആവശ്യക്കാര്‍ കുറയുന്നതോടെ പദ്ധതി നിര്‍ത്തുകയാണ് ലക്ഷ്യമെന്നും ചില ജീവനക്കാര്‍ സൂചിപ്പിക്കുന്നു.
പ്രദേശത്തെ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും പദ്ധതി ബാധിച്ചിരുന്നു. ഊണ്‍ വിതരണം പുന:സ്ഥാപിക്കാത്തതിലെ ദുരൂഹതക്ക് അറുതി വരുത്തുന്നതിന് അധികൃതര്‍ക്കും ഇതുവരേ സാധിച്ചിട്ടില്ല. നഗരത്തിലെത്തുന്ന പാവപ്പെട്ടവര്‍ പണമില്ലാത്തതിന്റെ പേരില്‍ പട്ടിണി കിടക്കരുതെന്ന ഉദേശ്യത്തോടെ തുടങ്ങിയ പദ്ധതി അധികാരികളുടെ പിടിപ്പുകേടുകൊണ്ട് അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."