ജീവകാരുണ്യത്തിന്റെ നന്മയുള്ള മാതൃകയായി പെരുങ്കോട ലേബര്‍ ക്ലബ്
പൊഴുതന: ശാലീന സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന വയനാട്ടില്‍ കോടമഞ്ഞ് പോലെ നൈര്‍മല്യമുള്ള ഒരു ഗ്രാമവും മണ്ണിനെയും പന്തിനെയും പ്രണയിച്ച ആ ദേശക്കാരുടെ ഉറവ വറ്റാത്ത മനുഷ്യ സ്‌നേഹത്തിന്റെയും കഥ പറയുകയാണ് പെരുങ്കോട ഗ്രാമം.
ഒരു കാലഘട്ടത്തില്‍ സായാഹ്ന സെവന്‍സ് കളിക്കളങ്ങള്‍ അടക്കിവാണ മലപ്പുറം കുഞ്ഞാപ്പാക്കയും കളിക്കാരനായും കണിശക്കാരനായ റഫറിയായും മൈതാനങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കോയാമു ഹാജിയും പെരിങ്കോട ലേബര്‍ ക്ലബിന്റെ മുഖ്യ സ്ഥാപകനായ കുഞ്ഞിമൊയ്തീന്‍ സൂപ്രവൈസറുമെല്ലാം ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ക്കൊപ്പം സംസ്‌കാര സമ്പന്നരായ യുവതലമുറയെ നാടിന് സമ്മാനിച്ചത് വെറുതയായില്ലെന്ന് കൂടി തെളിയിക്കുകയാണ് ഈ കൊച്ചുഗ്രാമം.
മുന്‍ഗാമികള്‍ പകര്‍ന്ന് നല്‍കിയ കളിയാവേശം ഊര്‍ജ്ജമാക്കി അണയാത്ത ആവേശവും തികഞ്ഞ ആത്മാര്‍തഥയുമായി പെരുങ്കോട ലേബര്‍ ക്ലബ് വൈവിധ്യമാര്‍ന്ന ഒട്ടനേകം പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.
നിര്‍ധനര്‍ക്ക് തണലായും നിരാലംബര്‍ക്ക് ആശ്വാസമായും ഒട്ടനവധി ജീവകാരുണ്യ പ്രവൃത്തനങ്ങള്‍ ക്ലബ് ഇതിനോടകം പണം കണ്ടെത്തി ചെയ്തു കഴിഞ്ഞു. പി.എല്‍.സി പെരിങ്കോടയുടെ സ്വര്‍ണ കപ്പിനും ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള ടൂര്‍ണമെന്റിന്റെ ലാഭവിഹിതമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ കൂടി അശരണരുടെ കൈകകളിലെത്തിക്കുമ്പോഴും അവസാനിക്കുന്നില്ല പെരുങ്കോടയുടെ സഹജീവിസ്‌നേഹം.
ടി അബു മെമ്മോറിയല്‍ എവറോളിങ്ങ് സ്വര്‍ണ്ണകപ്പിനും വി.പി ഉണ്ണീന്‍ സ്മാരകാ സ്ഥിരം ട്രോഫിക്കും ഒരു ലക്ഷം രൂപ പ്രൈസ് മണിക്കും തച്ചറകുന്നന്‍ ഉണ്ണീന്‍ സ്മാരക റെണ്ണേഴ്‌സ് ട്രോഫിക്കും അര ലക്ഷം രൂപ പ്രൈസ് മണിക്കും വേണ്ടി നടത്തിയ അഖില കേരളാ സെവന്‍സ് ഫുട്‌ബോള്‍ മേളയിലെ ലാഭവിഹിതം നാളെ വൈകിട്ട് നാലിനാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ അശരണരുടെ കൈകളിലേല്‍പ്പിക്കുന്നത്.
പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഓരോ ക്ലബ്ബുകളുടെയും കീഴിലുള്ള പാവപ്പെട്ട കുടുംബങ്ങളെ തിരഞ്ഞെടുത്ത് 25 കുടുംബങ്ങളിലേക്കുള്ള ഭക്ഷണ കിറ്റുകളുമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. ക്ലബിന്റെ രക്ഷാധികാരിയായ സി.എച്ച് മമ്മിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, വാര്‍ഡംഗം ഉമ്മുകുല്‍സു പ്രദേശത്തെ മത നേതാക്കള്‍ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരുടെ സാനിധ്യത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."