നായാട്ടിനിടെ വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ചെറുപുഴ: നായാട്ടിനിടെ വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവത്തില്‍ രണ്ടുപേരെ പെരിങ്ങോം പൊലിസ് പിടികൂടി. മടക്കാംപൊയിലിലെ അന്നൂക്കാരന് വിനീഷ്(30), കുണ്ടത്തില്‍ സൈനേഷ് എന്ന ചിന്നന്(29) എന്നിവരെയാണ് പെരിങ്ങോം എസ്.ഐ മഹേഷ് കെ. നായരും സംഘവും അറസ്റ്റ് ചെയ്തത്. ഓലയമ്പാടി കോടന്നൂരിലെ കുണ്ടത്തില്‍ ജാനകി(63)ക്കാണ് കഴിഞ്ഞ 22ന് രാവിലെ ഒമ്പതോടെ വീടിനടുത്ത് വച്ച് വെടിയേറ്റത്. പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റെന്ന വ്യാജേനയാണ് ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് ഗുരുതരമായി പരുക്കേറ്റ ജാനകിയുടെ കാലിലെ വെടിയുണ്ടകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. വെടിവയ്ക്കാനുപയോഗിച്ചെന്ന് കരുതുന്ന തോക്ക് വണ്ണാരപ്പൊയിലിലെ ഗുഹയില്‍ ഒളിപ്പിച്ചനിലയില്‍ പൊലിസ് കണ്ടെത്തി. മടക്കാംപൊയില്‍ മേഖലയില്‍ നിരവധി കള്ളത്തോക്കുകള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് ഇന്നലെ വ്യാപക പരിശോധന നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."