അജാനൂര്‍ ശ്രീ കുറുമ്പ ഭഗവതിക്ഷേത്ര മുറ്റത്തെ ആഫ്രിക്കന്‍ വൃക്ഷം കൗതുകമാകുന്നു
അജാനൂര്‍: അജാനൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര മുറ്റത്തെ അപൂര്‍വ വൃക്ഷം കൗതുകമാകുന്നു. 'ബാവോബാബ്' അഥവാ 'സാത്താന്‍ മരം ' എന്ന് പൊതുവെ വിളിക്കാറുള്ള ഈ മരം ആസ്‌ട്രേലിയയിലും ആഫ്രിക്കന്‍ നാടുകളിലുമാണ് ധാരാളമായി കണ്ടു വരുന്നത്. ' മഡഗാസ്‌കര്‍ ' എന്ന രാജ്യത്തിന്റെ ദേശീയവൃക്ഷമാണിത് .
ഈ വൃക്ഷം ' പ്ലാന്റ് മാള്‍വാള്‍സ് മല്‍വാസിയെ അഡാന്‍സോണിയ' എന്ന സസ്യ കുടുംബത്തില്‍പ്പെട്ടതാണെന്ന് ഇതു സംബന്ധിച്ച പഠനം നടത്തിയ നെയ്തല്‍ ഓര്‍ഗനൈസേഷന്‍ എന്ന പരിസ്ഥിതി സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന പ്രവീണ്‍ കുമാര്‍ പറയുന്നു.കുപ്പി രൂപത്തിലും ബാരല്‍രൂപത്തിലുമായി രണ്ടു തരത്തിലാണ് ഇതിന്റെ തടിയുടെ ആകൃതി. 1990ലാണ് ഈ വൃക്ഷത്തെ തിരിച്ചറിഞ്ഞതെന്നും അജാനൂര്‍ കടപ്പുറത്തുള്ളതു കുപ്പി ആകൃതിയിലുള്ളതാണെന്നും തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ലഭ്യമായ വിവരം വച്ച് കേരളത്തില്‍ ആകെ നാലെണ്ണമുള്ള വൃക്ഷങ്ങളില്‍ ഒന്നുള്ളത് അജാനൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര മുറ്റത്താണ്. കേരളത്തില്‍ കുപ്പി ആകൃതിയിലുള്ളത് ഈ ഒന്നു മാത്രമാണെന്നും പറയുന്നു. കേരളത്തിലുള്ള മറ്റു മൂന്നെണ്ണം ബാരല്‍ രൂപത്തിലാണ്.
കേരളത്തില്‍ തിരുവനന്തപുരം മൃഗശാല, തലശ്ശേരി ടൗണ്‍ ഹാള്‍ മുറ്റം, കാഞ്ഞങ്ങാട്ട് തന്നെയുള്ള പുഞ്ചാവി അയ്യപ്പ ഭജന മഠം എന്നിവിടങ്ങളാണ് അജാന്നൂരിനു പുറമെ ഈ ശ്രേണിയില്‍പെട്ട വൃക്ഷമുള്ളത്. ദിനോസറുകളുടെ സമകാലികരാണ് ഈ വൃക്ഷം എന്നു ചില രേഖകളില്‍ ഉണ്ടത്രേ. ഇതിന്റെ ഇലകളും പഴങ്ങളും ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. വലുപ്പത്തിന് അനുസൃതമായി തടിക്കകത്തു ശുദ്ധജലം ശേഖരിച്ചു വെക്കുന്നതിനാല്‍ ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധ ജലം ഇതില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമെന്നും പറയുന്നു.
നൂറ്റാണ്ടുകളോളം ആയുസ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ശ്രീ കുറുമ്പ ക്ഷേത്ര മുറ്റത്തെ മരത്തിന് 80 വര്‍ഷത്തെ പഴക്കമുണ്ട്. വീട് നിര്‍മാണത്തിനും മരുന്നുണ്ടാക്കുന്നതിനും ഇതിന്റെ തടി ഉപയോഗപ്രദമാണ്. മരത്തിന്റെ തൊലി വസ്ത്ര നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഇതു ധാരാളമായി കാണപ്പെടുന്ന ആഫ്രിക്കന്‍ നാടുകളില്‍ തടിയുടെ അകം തുരന്ന് ജനങ്ങള്‍ താമസിക്കാറുണ്ടെന്നും പറയപ്പെടുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."