മെറ്റല്‍ ക്രഷറിനെതിരേ ജനകീയ പ്രതിരോധം: മാഫിയകളെ സഹായിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാരിനെന്ന് വി.ടി ബല്‍റാം
എരുമപ്പെട്ടി: തിരുമിറ്റക്കോട് പഞ്ചായത്തിലെ മലയകം കുന്നില്‍ ആരംഭിക്കുന്ന മെറ്റല്‍ ക്രഷറിനെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ചിറ്റണ്ട,കടങ്ങോട് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന മലയകം കുന്നില്‍ തൃപ്തിയെന്ന പേരില്‍ സ്വകാര്യ മെറ്റല്‍ ക്രഷര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ചുള്ള കരിങ്കല്‍ ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം, താളം, ചാഴിയാട്ടിരി, ഇട്ടോണം, അകിലാണം പ്രദേശങ്ങളിലേയും വരവൂര്‍ പഞ്ചായത്തിലെ തിച്ചൂര്‍, എട്ടാമാടം, കോഴിക്കുന്ന് കോളനി പ്രദേശങ്ങളിലേയും ജനങ്ങള്‍ക്കാണ് ക്രഷറിന്റേയും ക്വാറികളുടേയും പ്രവര്‍ത്തം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് പഞ്ചായത്ത് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ക്രഷറിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് സമര സമിതി ആരോപിക്കുന്നു.
ക്രഷറിന്റേയും കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം കുന്നുകളും ശീമകാടുകളും ഇല്ലാതാക്കുന്നതിനോടൊപ്പം പ്രദേശത്തെ തണ്ണീര്‍തടങ്ങള്‍, നീര്‍ചോലകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകളുടേയും, നെല്‍വയലുകളുടേയും നാശത്തിനടയാക്കും.വായുവും വെള്ളവും മലിനപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ക്രഷറിനും കരിങ്കല്‍ ക്വാറികള്‍ക്കുമെതിരെ പ്രദേശവാസികള്‍ ആന്റി ബ്ലാസ്റ്റ് ആന്‍ഡ് ഡസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ സമര സമിതി രൂപീകരിച്ച് പ്രതിരോധത്തിന് ഇറങ്ങിയിരിക്കുകയാണ്. പള്ളിപാടത്ത് നടന്ന പ്രതിരോധ സംഗമം വി.ടി.ബല്‍റാം എല്‍.എ.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്ന മാഫിയകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
( ബൈറ്റ് ) സമര സമിതി ചെയര്‍മാന്‍ ടി.ഹംസ അധ്യക്ഷനായി.എ.ഐ.വൈ.എഫ്.പാലക്കാട് ജില്ലാ സെക്രട്ടറി ഷാജഹാന്‍ മുഖ്യാതിഥിയായി.കോണ്‍ഗ്രസ് നേതാക്കളായ പി .എം.രാജേഷ്, വാഹിദ്, യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മറ്റിയംഗം ബി.എം.മുസ്തഫ തങ്ങള്‍, സി.പി.ഐ.നേതാവ് കെ.മുഹമ്മദ് ബിലാല്‍ , ബി.ജെ.പി.പഞ്ചായത്ത് സെക്രട്ടറി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്തെ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കള്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."