ബൈത്തുറഹ്മ കാരുണ്യത്തിന്റെ കൈയൊപ്പ് പതിഞ്ഞ പദ്ധതി: വി.കെ ഇബ്രാഹിം കുഞ്ഞ്
കോതമംഗലം : സംസ്ഥാനത്തിനകത്തും പുറത്തുമായി മുസ്‌ലിം ലീഗ് നിര്‍മിച്ചു നല്കുന്ന ആയിരക്കണക്കിന് ബൈത്തുറഹ്മ ഭവനങ്ങള്‍ ( കാരുണ്യ ഭവനം) കാരുണ്യത്തിന്റെ കൈയൊപ്പ് പതിഞ്ഞവയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മഹാനായ ശിഹാബ് തങ്ങളുടെ നാമത്തിലാണ് ബൈത്തുറഹ്മ ഭവന പദ്ധതി മുസ്‌ലിം ലീഗ് നടപ്പിലാക്കി വരുന്നത്. ജാതി മത ചിന്തകള്‍ക്കും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കും അതീതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയിരകണക്കിനാളുകളാണ് ശിഹാബ്തങ്ങളുടെ പേരിലുള്ള ബൈത്തുറഹ്മ ഭവന പദ്ധതിയില്‍ പങ്കാളികളായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കടമ നിര്‍വഹിച്ചു പോരുന്നത്. വോട്ടിനും അധികാരത്തിനും വേണ്ടിയുള്ള പദ്ധതിയല്ല ഇത്. തല ചായ്ക്കാന്‍ ഇടമില്ലാതെ കണ്ണുനീരുമായി കഴിയുന്ന ആയിരങ്ങളുടെ സങ്കടത്തിനുള്ള പരിഹാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേര്യമംഗലത്ത് നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ ബൈത്തുറഹ്മ (കാരുണ്യ ഭവനം) സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കാരുണ്യ ഭവനം ലഭിച്ച ശ്രാമ്പിക്കല്‍ ഷംസുവും പിതാവ് സെയ്ത് മുഹമ്മദും ചേര്‍ന്ന് എം.എല്‍.എയെ സ്വീകരിച്ചു. തുടര്‍ന്ന് നേര്യമംഗലം ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സി.എച്ച് ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ പി.എം.എ കരീം അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ കെ.എം അലിയാര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കവല റിക്രിയേഷന്‍ ക്ലബ്ബിലേക്കുള്ള ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം കുഞ്ഞുബാവ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് എ.എം കുഞ്ഞുഞ്ഞ്, ജന.സെക്രട്ടറി ടി.എം റസാഖ്, ട്രഷറര്‍ സി.പി ഷെരീഫ്, ബൈത്തുറഹ്മ രക്ഷാധികാരി ടി.പി അലിയാര്‍, മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ എം.എ അജ്മല്‍, പി.എ നവാസ്, സി.എസ് അഫ്‌സല്‍, പി.എ ജാഫര്‍, എസ്.ടി.യു മേഖലാ സെക്രട്ടറി പി.എസ് ബഷീര്‍ എന്നിവര്‍ എം.എല്‍.എയെ ഹാരാര്‍പ്പണം ചെയ്തു. ജമാല്‍ കുമ്പശ്ശേരി, പി.എ ഷാജഹാന്‍, സി.എം മിരാന്‍, എം.എം സിറാജ്, കെ.എം അബുബക്കര്‍, കെ.എം മുഹമ്മദ് കുഞ്ഞ്, പി.എം മുഹമ്മദ്, പി.എം മുഹമ്മദാലി, അല്‍താഫ്, അജിംസ്, ഷെമീര്‍, റിനാദ്, തന്‍സീര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."