കോട്ടപ്പുറം ബോട്ടുജെട്ടി പൈതൃക ജെട്ടിയാക്കി മാറ്റുന്നു
മട്ടാഞ്ചേരി: യാത്രക്കും ചരക്കുനീക്കത്തിനുമായി ജലഗതാഗതം ഉപയോഗപ്പെടുത്തിയതിന്റെ പൈതൃക സ്മരണകള്‍ ഉണര്‍ത്തി കൊണ്ട് മട്ടാഞ്ചേരിയിലെ പഴയ കോട്ടപ്പുറം ബോട്ടുജെട്ടി രൂപമാറ്റം വരുത്തുന്നു. കൊച്ചി നഗരസഭയുടെ പുതിയ ബജറ്റിലാണ് ഇതിനായി തുക വകയിരുത്തിയിരിക്കുന്നത്. റോഡ് ഗതാഗതം ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത പഴയ കാലഘട്ടത്തില്‍ മട്ടാഞ്ചേരിയിലെ ഇപ്പോഴത്തെ ജെട്ടിക്ക് സമീപമുള്ള പഴയ കോട്ടപ്പുറം ജെട്ടിയില്‍ നിന്നും കോട്ടപ്പുറം, ആലപ്പുഴ, കൊല്ലം ഭാഗങ്ങളിലേക്ക് ബോട്ട് സര്‍വീസുകള്‍ ഉണ്ടായിരുന്നു. ദീര്‍ഘദൂര യാത്രകണക്കിലെടുത്ത് ബോട്ടിനുള്ളില്‍ തന്നെ ചായകട വരെ സജ്ജീകരിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. കട്ടന്‍ ചായയും, ഏത്ത പഴവും മറ്റുമായിരുന്നു ബോട്ടിലെ യാത്രക്കാര്‍ക്ക് വേണ്ടി ചായകടയില്‍ വിറ്റിരുന്നത്.
പഴമയുടെ തനിമയുമായി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചായകടയും സമാവറും നേന്ത്രക്കുലകളും പഴയ റാന്തല്‍ വിളക്കുകളോടുകൂടിയ ബോട്ടുകളാണ് പഴയ കോട്ടപ്പുറം ജെട്ടിയില്‍ നിന്നും ഒരുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കനാല്‍ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ജെട്ടി നഗരസഭക്ക് പൗരാണിക ജെട്ടി നിര്‍മിക്കുന്നതിനു വേണ്ടി വിട്ടു നല്‍കാന്‍ കനാല്‍ വകുപ്പും തയാറായിട്ടുണ്ട്.നിലവില്‍ ഈ കെട്ടിടം പൂട്ടി കിടക്കുകയാണ്. പൈതൃക ടൂറിസം കേന്ദ്രമായ മട്ടാഞ്ചേരി കൊട്ടാരം, സിനഗോഗ് എന്നിവയോട് ചേര്‍ന്നു നിര്‍മിക്കുന്ന കോട്ടപ്പുറം ജെട്ടി സഞ്ചാരികള്‍ക്കും ഇഷ്ടകേന്ദ്രമായി മാറുമെന്നാണ് കണക്ക് കൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."