രഞ്ജന ടീച്ചര്‍ പടിയിറങ്ങുന്നു; ചാരിതാര്‍ഥ്യത്തോടെ
ഹരിപ്പാട്:- നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി സ്‌കൂള്‍ പ്രഥമാധ്യാപിക രഞ്ജന ടീച്ചര്‍ 33 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത് തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ.ആയിരക്കണക്കിന് കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥ ഇന്ന് സര്‍വ്വീസില്‍ നിന്ന് പിരിയും.
5 വര്‍ഷക്കാലം പ്രഥമാധ്യാപികയായിരുന്ന നങ്ങ്യാര്‍കുളങ്ങര സ്‌കൂളിനെ പുരോഗതിയുടെ പാതയിലൂടെ നയിച്ച് സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിനും നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സന്തോഷവും ടീച്ചറിനുണ്ട്.2013 ജൂണിലാണ് പ്രഥമാധ്യാപികയായി സ്‌കൂളിലെത്തുന്നത്. അന്ന് ഒന്നാം ക്ലാസില്‍ ഒരു കുട്ടി മാത്രമാണുണ്ടായിരുന്നത്.
ആ സ്ഥാനത്ത് ഇപ്പോള്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകളില്‍ ഓരോന്നിലും ഇരുപത്തി അഞ്ചോളം കുട്ടികള്‍ പഠിക്കുന്നു. ദേശീയപാതയോരത്ത് ഒരു ഏക്കര്‍ 26 സെന്റ് സ്ഥലം സ്വന്തമായുള്ള സ്‌കൂളില്‍ പച്ചക്കറി കൃഷി, പുഷ്‌പോദ്യാനം, കായംകുളം ചേതന സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹായത്താല്‍ നിര്‍മ്മിച്ച ഔഷധസസ്യോദ്യാനം, ശലഭപാര്‍ക്ക്, ജൈവ വൈവിദ്ധ്യ പാര്‍ക്ക് എന്നിവയും ഉണ്ട്. സ്‌കൂളിലെ പല കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലാണ്. ശതാബ്ദി സ്മാരകമായി കെട്ടിടം പണിതു നല്കാമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം നല്കിയെങ്കിലും നടപ്പിലായിട്ടില്ല.
ദേശീയപാതയുടെ നവീകരണത്തോടനുബന്ധിച്ച് വീതി കൂട്ടുമ്പോള്‍ ഓഫീസ് റൂം ഉള്‍പ്പടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകുമോ എന്നുള്ളതും ടീച്ചറെ അലട്ടുന്ന വിഷയമാണ്. പ്രീ പ്രൈമറി സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
11 അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷാകര്‍ത്താക്കളും നല്കുന്ന പിന്തുണയും ടീച്ചര്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."