കബനിയുടെ വീണ്ടെടുപ്പിന് 20000 വൃക്ഷത്തൈകള്‍ നടാനൊരുങ്ങി നദീ സംരക്ഷണ സമിതി
പുല്‍പ്പള്ളി: വരള്‍ച്ചാ പ്രതിരോധ പദ്ധതികളുടെ ഭാഗമായി കബനീ തീരത്തെ പച്ചപ്പണിയിക്കാന്‍ സംസ്ഥാന നദീ സംരക്ഷണ സമിതി. ജില്ലാ കലക്ടറുടെ ഓര്‍മ മരം പദ്ധതിയിലുള്‍പ്പെടുത്തി നദീ തീരത്ത് ജൂണ്‍ അഞ്ചിന് ഇരുപതിനായിരം വൃക്ഷത്തൈ നടുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
വൃക്ഷതൈ നടീല്‍ ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. വേനല്‍ക്കാലമാകുമ്പോള്‍ കബനി വറ്റുന്നതും അതിന് ചുറ്റുമുള്ള ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ വറുതിയിലകപ്പെടുകയും ചെയ്യുന്നത് കാലങ്ങളായി ആവര്‍ത്തിക്കുകയാണ്. ഇതിന് ഏറ്റവും വലിയ പരിഹാരം കബനി തീരത്തെ പച്ചപ്പണിയിക്കുക മാത്രമാണെന്ന തിരിച്ചറിവാണ് നദീസംരക്ഷണ സമിതിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍, റെഡ്‌ക്രോസ് സൊസൈറ്റി എന്നിവക്കൊപ്പം സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍, പുല്‍പ്പള്ളി പഴശ്ശിരാജ കോളജ്, എസ്.എന്‍ കോളജ്, ജയശ്രീ കോളജ്, വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവരും നദീ സംരക്ഷണ സമിതിയുടെ ദൗത്യത്തിന് പിന്നില്‍ അണിനിരക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
കൊളവള്ളി മുതല്‍ കൂടല്‍ക്കടവ് വരെയുള്ള ഭാഗത്താണ് ഇരുപതിനായിരത്തോളം വൃക്ഷതൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുക. ഇതിന്റെ സംരക്ഷണവും ഏറ്റെടുക്കും. കര്‍ണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തിന്റ സഹകരണത്തോടെ കബനിയുടെ മറുകരയിലും വൃക്ഷതൈ നടാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."