രാമക്കല്‍മേട് വികസനത്തിന് 1.38 കോടി
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ ടൂറിസം വികസനത്തിനും, അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1.38 കോടി രൂപ അനുവദിച്ചു. രാമക്കല്‍മേട്ടില്‍ റോപ്പ് വേ നിര്‍മാണത്തിനായി കനേഡിയന്‍ കമ്പനിയുടെ സാധ്യതാ പഠനവും നടന്നു.
കമ്പനിയുടെ പഠന റിപോര്‍ട്ട് കിട്ടിയാലുടന്‍ ഡി.ടി.പി.സി തുടര്‍നടപടികള്‍ സ്വീകരിക്കും. ആമക്കല്ലിനും ടോപ്‌സ്റ്റേഷനിലുമായി നാലു കോടിയുടെ പദ്ധതി പരിഗണനയിലാണെന്നു ഡി.ടി.പി.സി സെക്രട്ടറി ജയന്‍ അറിയിച്ചു.
30 ലക്ഷം രൂപ മുടക്കിയുള്ള വാച്ച് ടവര്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ആധുനികമായ ടിക്കറ്റ് കൗണ്ടര്‍, സഞ്ചാരികള്‍ക്ക് നടപ്പാതകള്‍, പാര്‍ക്കിങ് ഏരിയ എന്നിവയ്ക്കാണ് 1.38 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) സെക്രട്ടറി അറിയിച്ചു. രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്തുന്നതിനും ശുദ്ധജലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡി.ടി.പി.സി ബോര്‍ഡംഗം ടി.എം ജോണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."