ഈസ്റ്റര്‍ ആഘോഷിക്കാന്‍ മത്സ്യ വിപണി നേരത്തെ ഒരുങ്ങി
ബി.എസ്. കുമാര്‍
ഏറ്റുമാനൂര്‍: ഈസ്റ്റര്‍ ആഘോഷിക്കാന്‍ മത്സ്യവിപണി നേരത്തെ തന്നെ ഒരുങ്ങി. അന്‍പത് നോമ്പ് ആരംഭിച്ചതോടെ മത്സ്യവിപണിയില്‍ സംഭവിച്ച കാര്യമായ ഇടിവ് മറികടക്കാനുള്ള ശ്രമത്തിലാണ് മത്സ്യവ്യാപാരികള്‍. ക്രിസ്മസിനു ശേഷം മുന്‍പെങ്ങും സംഭവിക്കാത്ത തരത്തിലുള്ള മാന്ദ്യമാണ് മത്സ്യവിപണിയില്‍ അനുഭവപ്പെട്ടിരുന്നത്. ഓഖി ചുഴലിക്കാറ്റിനുശേഷം മത്സ്യത്തിന്റെ ലഭ്യത തീരെ കുറഞ്ഞതും വിലവര്‍ധനവും കൂനിന്മേല് കുരുവെന്ന പോലെ വിപണിയെ സാരമായി ബാധിച്ചു. ഓഖിക്കു ശേഷം നല്ല മീന്‍ ലഭിക്കാതായതും പ്രശ്നമായി.
ഇതിനിടെ ഫ്രഷ് മീന്‍ കടകളും നാടന്‍ കടകളും വര്‍ധിച്ചതോടെ മാര്‍ക്കറ്റില്‍ നിന്നും വിറ്റഴിയുന്ന മത്സ്യത്തിന്റെ അളവില്‍ വന്‍കുറവാണ് അനുഭവപ്പെട്ടത്. വീടുവീടാന്തരം കയറിയിറങ്ങി വില്പന നടത്തുന്നവര്‍ക്കും ഇത് വന്‍പ്രശ്നമായി മാറിയിരുന്നു. മത്സ്യവിപണിയില്‍ ഉണ്ടായ മാന്ദ്യം ചില മത്സ്യവിപണനകേന്ദ്രങ്ങള്‍ തുണികടകളിലേതിനു സമാനമായ ഓഫറുകള്‍ ഇടുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു.
എങ്കിലും ഈസ്റ്റര്‍ കച്ചവടം പൊടിപൊടിക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ട കച്ചവടത്തിനുള്ള മത്സ്യവുമായി വാഹനങ്ങള്‍ വെള്ളിയാഴ്ച ഉച്ച മുതലേ എത്തി തുടങ്ങി. സാധാരണ ദിവസങ്ങളില്‍ രാത്രി പന്ത്രണ്ടിനാണ് മൊത്തവിതരണ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചു തുടങ്ങുക. എന്നാല്‍ ഈസ്റ്റര്‍ പ്രമാണിച്ച് വെള്ളിയാഴ്ച രാത്രി ഒന്പതിനു മുന്‍പ് തന്നെ മാര്‍ക്കറ്റ് ആരംഭിക്കുമെന്നതിനാലാണ് മത്സ്യവാഹനങ്ങള്‍ കാലേകൂട്ടി എത്തിയത്. സാധാരണ ദിനങ്ങളില്‍ മുപ്പതോളം വാഹനങ്ങള്‍ മാത്രമാണ് ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ എത്തിയിരുന്നത്. ദുഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് രണ്ട് ദിവസം മാര്‍ക്കറ്റിന് അവധി വരുന്നതും കൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച രാവിലെ തന്നെ മീന്‍വണ്ടികളുടെ പ്രവാഹം ആരംഭിച്ചത്.
തമിഴ്നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യമാണ് ഇന്നലെ ഏറ്റുമാനൂരില്‍ എത്തിയത്. കന്യാകുമാരി, രാമേശ്വരം, മംഗലാപുരം, വിഴിഞ്ഞം, നീണ്ടകര, ചാവക്കാട് ഇവിടങ്ങളില്‍ നിന്നൊക്കെയായി നൂറിലധികം വാഹനങ്ങള്‍ എത്തിയതോടെ ചിറക്കുളം റോഡില്‍ വൈകുന്നേരത്തോടെ ഗതാഗതവും തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."