സഊദിയില്‍ കുടുങ്ങിയ മലയാളി വനിതകള്‍ക്ക് മോചനം
ജിദ്ദ: ഇരുട്ടുമുറിയില്‍ നിന്നും ജീവിതം തിരികെ ചോദിച്ച ആ മലയാളി സ്ത്രീകളുടെ പ്രാര്‍ഥന ഫലംകണ്ടു. സഊദിയിലെ ഹായിലില്‍ കുടുങ്ങിയ ആറ് മലയാളി വനിതകള്‍ക്ക് മോചനം. എക്‌സിറ്റ് നല്‍കി നിതാഖാത്തുമായി ബന്ധപ്പെട്ട ചെറിയ കേസുകളും ശമ്പള കുടിശ്ശികയും പരിഹരിച്ച് ഏതാനും ദിവസത്തിനുള്ളില്‍ സംഘം നാട്ടില്‍ തിരിച്ചെത്തുമെന്ന് മോചനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ഹായില്‍ ഒ.ഐ.സി.സി അധികൃതര്‍ പറഞ്ഞു.
ഒരു വര്‍ഷമായി ജോലിയും ശമ്പളവും ഇല്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ പോലും സാധിക്കാതെ കുടുങ്ങിയ മലയാളി സ്ത്രീകളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും ഇടപെടലിന്റെ ഫലമായാണ് മോചനം സാധ്യമായത്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനി അധികൃതരുമായി സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു. രണ്ട് ബാച്ചുകളായി ആനുകൂല്യങ്ങള്‍ നല്‍കി ഇവരെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹായില്‍ ഒ.ഐ.സി.സി പ്രസിഡന്റ് താഹ കനിക്കാണ് വിഷയത്തില്‍ ഇടപെടാന്‍ എംബസി അനുമതി പത്രം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഗീതമ്മ (ആലപ്പുഴ), ഖൈറുന്നിസ (നിലമ്പൂര്‍), ശ്രീദേവി (കോതമംഗലം), മിനി (പത്തനംതിട്ട), ഗീത, അഞ്ജലി (തിരുവനന്തപുരം) എന്നിവരാണ് ദുരിതത്തിലായത്. നാലു വര്‍ഷം മുന്‍പ് ആശുപത്രി ക്ലീനിങ് ജോലിക്കെന്നു പറഞ്ഞാണ് ഇവരെ സഊദിയില്‍ കൊണ്ടുവന്നത്. 800 റിയാല്‍ ആയിരുന്നു ശമ്പളം. ആദ്യ രണ്ട് വര്‍ഷം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും കരാര്‍ അവസാനിക്കുകയും ഇവര്‍ ദുരിതത്തില്‍ ആവുകയുമായിരുന്നു.
ജോലിയും ശമ്പളവും ഇല്ലാതെ മുറിയില്‍ കഴിയുകയായിരുന്നു ഇവര്‍. ഭക്ഷണത്തിനു പോലും പണം ലഭിച്ചിരുന്നില്ല. നാട്ടിലേക്ക് തിരികെ അയയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനും സമ്മതിച്ചില്ല. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഏഴുമാസമായി പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനിടെയാണ് മുറിയില്‍ നിന്നും ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വലിയ പ്രചാരണം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."