ഇടതു ലിബറല്‍ ഇടനാഴിയിലെ വംശീയത
സംഘ്പരിവാര്‍ ഫാസിസം, മത തീവ്രവാദം എന്നൊക്കെ എല്ലാ അന്തിച്ചര്‍ച്ചകളിലും ആവര്‍ത്തിച്ചു കേള്‍ക്കാറുള്ളതാണ്. എന്നാല്‍ പുരോഗമന വാദികള്‍ എന്ന വരേണ്യപട്ടം ചാര്‍ത്തി നല്‍കി ആദരിക്കപ്പെട്ട, തീര്‍ത്തും പരിശുദ്ധമായ ഇടങ്ങളാണ് ലിബറല്‍ ഇടനാഴികള്‍ എന്ന ധാരണ പേറുന്നവരാണ് നമ്മളില്‍ പലരും. പാരമ്പര്യ മതമുപേക്ഷിച്ച് ലിബറല്‍ മതത്തില്‍ ചേര്‍ന്ന ശഫീക് സുദൈബ ഹകീം എറണാകുളത്ത് വച്ച് നടന്ന മനുഷ്യസംഗമത്തിന്റെ വേദിയില്‍ കേറി പ്രതിഷേധിച്ച സംഭവം നമുക്കോര്‍മയുണ്ട്. സെക്കുലര്‍ വേഷം കെട്ടുന്നവര്‍ പേറുന്ന ന്യൂനപക്ഷ വിരുദ്ധത വിശ്വാസപരമായി അവരുടെ കൂടെ ചേര്‍ന്നവര്‍ക്കു പോലും അസഹനീയായി അനുഭവപ്പെടാറുണ്ട്. സെക്കുലര്‍ ലിബറല്‍ ഇടങ്ങള്‍ കടുത്ത വംശീയത പേറുന്നുണ്ട് എന്ന് ശഫീക് പിന്നീട് പലവുരു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഈ വര്‍ഗീയത സമൂഹത്തില്‍ പ്രകടമാകുന്ന ഘട്ടങ്ങളില്‍ നമുക്കിതിനെ എങ്ങനെ നിര്‍വചിക്കണം എന്നുപോലുമറിയാറില്ല. സഖാക്കളില്‍ ചിലരേ പൊതു സമൂഹം സഖാവ് എന്ന് വിളിക്കുന്നതും ലിബറലുകളില്‍ ചിലരുടെ ഉള്ളില്‍ കാവിയാണ് എന്ന് പറയുന്നതും ഒക്കെ കേള്‍ക്കാറുണ്ട്. ലിബറല്‍ വംശീയതയെ കാവിയോടു ചേര്‍ത്ത് നിര്‍വചിച്ചു നോക്കുകയാണ് നാം. എന്നാല്‍ വസ്തുതകളെ ആരായുമ്പോള്‍ അവരെ വെറുതെ മറ്റുള്ളവരിലേക്ക് വച്ചു കെട്ടി അപമാനിക്കേണ്ടതില്ല എന്നാണു മനസ്സിലാകുനത്. കാരണം, സെക്കുലര്‍ വംശീയതക്ക് അവരുടേതായ സ്വത്വവും ആദര്‍ശ പിതൃത്വവും ഉണ്ട്. ഇന്ത്യന്‍ സംഘി ഫാസിസത്തെ പോലെയും ഐസിസ് അനുബന്ധ സംഘങ്ങളെ പോലെയുമുള്ള സംഘങ്ങള്‍ ലിബറല്‍ ഇടങ്ങളിലും ഉണ്ട്. വീര്യം കൂടിയ വംശീയതയാണവ പുറം തള്ളുന്നത്.
യൂറോപ്യന്‍ അമേരിക്കന്‍ തീവ്ര നിരീശ്വര വാദം (militant atheism) ആണ് കേരളത്തിലെ വംശവെറിയുള്ള ലിബറല്‍ താത്വിക ആചാര്യതയുടെ തറവാട്. കാരണം അവര്‍ക്ക് മത വിമര്‍ശനങ്ങള്‍ക്ക് വേണ്ട ആശയങ്ങളും ഗ്രന്ഥങ്ങളും ഉത്പാദിപ്പിക്കുന്ന അതേ കേന്ദ്രങ്ങള്‍ തന്നെ ഈ വംശീയതയെയും ഉല്‍പാദിപ്പിച്ചു നല്‍കുന്നുണ്ട്. സ്വന്തം ബ്രാന്‍ഡ് ഉണ്ടായിരിക്കെ പിന്നെന്തിനു മറ്റുള്ളവരില്‍ നിന്ന് കടമെടുക്കണം.
അമേരിക്ക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ അതിന് അനുകൂലമായ പൊതുബോധം ആ രാജ്യത്ത് രൂപപ്പെടുത്തി ക്കൊടുക്കുന്നതില്‍ പ്രധാന സഹായം ചെയ്തു കൊടുത്തത് ഇത്തരം സംഘങ്ങള്‍ ആയിരുന്നു. മുസ്‌ലിംകള്‍ ബുദ്ധിയില്ലാത്ത കാടന്മാര്‍ ആണ്, അവര്‍ക്ക് നാം ബുദ്ധി പകര്‍ന്നു കൊടുത്ത് ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്, അവരിലെ സ്ത്രീകള്‍ മത പൗരോഹിത്യത്തിന്റെ തടവറയില്‍ ആണ്, അവരെയെല്ലാം മോചിപ്പിക്കാന്‍ ആണ് ഈ യുദ്ധം എന്നൊക്കെ ആയിരുന്നു ഇവര്‍ ന്യായം ചമച്ചിരുന്നത്.
ഈ വാദവും നമുക്കിടയിലെ ലിബറലുകളുടെ വാദവും ഒരു പോലെ തോന്നുന്നതില്‍ അതിശയിക്കേണ്ട. അമേരിക്കന്‍ യൂറോപ്യന്‍ സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിമിനെ ഇവര്‍ അതാത് സമൂഹത്തിലെ എലികളായി പരിചയപ്പെടുത്തി. അവരുടെ വിശ്വാസത്തെ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമായി അവതരിപ്പിച്ചു. ഹിറ്റ്‌ലറുടെ ഭാഷ സംസാരിക്കുന്ന തീവ്രവലതു പക്ഷ രാഷ്ട്രീയങ്ങളുടെ ബൗദ്ധിക പിതാക്കള്‍ ഇവരാണ്.
തീവ്ര മതേതരരുടെ അസഹിഷ്ണുത
ബലാത്സംഗത്തേക്കാള്‍ മ്ലേച്ചമാണ് മതം എന്നാണ് തീവ്ര നിരീശ്വര വാദത്തിന്റെ ആധുനിക പ്രവാചകന്‍ സാം ഹാരിസ് ഒരിക്കല്‍ പറഞ്ഞത്. 20ാം നൂറ്റാണ്ടില്‍ ലോകം കണ്ട ജീനിയസുകളില്‍ ഒരാളായ നോം ചോംസ്‌കിയോട് ഡിങ്ക മതത്തിന്റെ ഈ ആധുനിക പ്രവാചകനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നോം ചോംസ്‌കിയുടെ മറുപടി ഇതായിരുന്നു. 'പഴയകാല യുക്തിവാദികള്‍ എല്ലാതരം മൗലികവാദത്തിനും (fundamentalism) എതിരായിരുന്നു. പുതിയ ചില യുക്തിവാദികള്‍ മത വിരുദ്ധ മൗലിക വാദികള്‍ (anti religious fundamentaltsi) ആണ്. എല്ലാ തരം മൗലികവാദത്തിനും എതിരാകുക എന്നതില്‍ ഈ മതവിരുദ്ധ മൗലിക വാദവും ഉള്‍പ്പെടും'.
എല്ലാ മത ശാസനകളും ലിബറലുകളുടെ യുക്തി പ്രകാരം മനുഷ്യ പുരോഗതിക്ക് വിലങ്ങു തടിയാണ്. വ്യഭിചരിക്കരുത്, കള്ള് കുടിക്കരുത് തുടങ്ങി സദാചാരവുമായി ബന്ധപ്പെട്ടവ ലിബറല്‍ യുക്തിക്ക് ഒട്ടും യോജിക്കില്ല. കൊല്ലരുത്,അക്രമം പ്രവര്‍ത്തിക്കരുത് തുടങ്ങി ഹിംസയുമായി ബന്ധപ്പെട്ട മത നിയമങ്ങളോട് അല്‍പം മമതയുണ്ട് എന്നു മാത്രം. വ്യത്യസ്തമായ (എത്തിക്കല്‍ കോഡ്‌സ്) ശരി തെറ്റ് നിര്‍വചന രീതികള്‍ അവലംബിക്കുന്ന രണ്ടു വീക്ഷണങ്ങള്‍ ആണ് മതവും ലിബറലിസവും. (Maximising personal libetry) 'ഇഷ്ടംപോലെ പ്രവര്‍ത്തിക്കാനുള്ള വ്യക്തിഗത സ്വാതന്ത്ര്യം പരമാവധിയാക്കുക' എന്ന ലക്ഷ്യത്തെ മുന്നില്‍ വച്ചുള്ളതാണ് ലിബറല്‍ പദ്ധതി.
അതിനാല്‍ തന്നെ 'അരുത്' എന്നെഴുതപ്പെട്ട എന്തും അവരുടെ കണ്ണില്‍ എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ട വിലങ്ങുകള്‍ ആണ്. ഭരണകൂട നിയമങ്ങളോട് ഇവര്‍ ഏട്ടുമുട്ടാത്തത് നിയമത്തിന്റെ കൈയൂക്കിനെ പേടിച്ചിട്ടാണ്. മതങ്ങള്‍ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരെയാകുമ്പോള്‍ അത്തരം ഭയപ്പാടുകള്‍ ഇല്ല.
എന്നാല്‍ ലിബറലിസത്തിന്റെ വാദങ്ങള്‍ പുരോഗമന വീക്ഷണങ്ങള്‍ എന്ന വിളിപ്പേരോടെ ആണ് നമ്മുടെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നയിടത്താണ് പ്രശ്‌നമുള്ളത്. ലിബറലിസം ഒരു പുതിയ മതമാണ്. മറ്റു മതങ്ങളോട് കടുത്ത അസഹിഷ്ണുത വച്ചു പുലര്‍ത്തുന്ന മതം. അതിനെ അങ്ങനെ തന്നെ വായിക്കപ്പെടണം. ആ വായന ഇല്ലാത്തത് കൊണ്ടാണ് ഇത്തരം സംഘട്ടനങ്ങള്‍ ഉടലെടുക്കുന്നത്.
നവലോകക്രമത്തിലെ പകര്‍ച്ചകള്‍
ഫറൂഖ് ട്രെയിനിങ് കോളജിലെ ഒരു അധ്യാപകന്റെ പ്രസംഗത്തില്‍ നിന്ന് അടര്‍ത്തി എടുത്ത ഒരു കഷ്ണവുമായി ആഘോഷത്തില്‍ അഭിരമിച്ചവരുടെ ആരവങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. ആ അധ്യാപകന്റെ പ്രവൃത്തിയെ പൂര്‍ണാര്‍ഥത്തില്‍ ന്യായീകരിക്കാന്‍ ആവില്ല. എന്നാല്‍ താരതമ്യേന വളരെ നിസാരമായ ഈ ഒരു വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തില്‍ സമൂഹത്തില്‍ അവതരിപ്പിക്കുകയും അതിന്റെ മറ പിടിച്ചു ഇത്ര വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പിന്നില്‍ സദുദ്ദേശമല്ല ഉള്ളത് എന്ന് മനസ്സിലാക്കാന്‍ ഏത് കൊച്ചു കുട്ടിക്കുമാവും. ആ ദുരുദ്ദേശം മാത്രം മതി ലിബറല്‍ ഇടങ്ങളില്‍ കുടികൊള്ളുന്ന വംശീയത തിരിച്ചറിയാന്‍. മതേതര മുഖംമൂടിയണിഞ്ഞ ഈ മത വിരുദ്ധ മൗലിക വാദികള്‍ മതേതര മുഖംമൂടിക്കുള്ളില്‍ ഒളിച്ചുവച്ച വംശീയതയെയും ന്യൂനപക്ഷ വിരുദ്ധതയും തിരിച്ചറിയാനുള്ള ഉത്തമ അവസരമാണ് സ്വയം വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കി, ശേഷം ഹേറ്റ് കാംപയിനു നേതൃതം നല്‍കുന്ന ഇവരുടെ നടപടി.
നാട് കലക്കാനായി പണ്ട് പശുവിനെ കൊന്ന് ക്ഷേത്രത്തിലും പന്നിയെ കൊന്ന് പള്ളിയിലും കൊണ്ടിട്ടവരുടെ അതേ തരം തന്ത്രങ്ങള്‍ മതേതര ക്യാംപില്‍ നിന്ന് അനുഭവപ്പെടുമ്പോള്‍ അതിനെ വംശീയത എന്ന് വിളിക്കാന്‍ തന്നെയാണ് തോന്നുന്നത്. വിശ്വാസങ്ങളെ ചീമുട്ട എറിയാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ഇവരെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നത് ഇത് കൊണ്ട് തന്നെയാണ്.
മുസ്‌ലിം സ്ത്രീകളാണ് ഇവരുടെ ഈ വംശീയതക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. കാലമേറെയായി മുസ്‌ലിം പെണ്ണ് ഭീതിതമായ തടവറയില്‍ ആണ് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണിവര്‍. അവളെ എങ്ങിനെയെങ്കിലും മോചിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആങ്ങളമാരായാണ് ലിബറല്‍ പുരോഗമനക്കാര്‍ അവതരിക്കുന്നത്. മുത്വലാഖ് വിവാദം ഉണ്ടാക്കി ഞങ്ങള്‍ മുസ്‌ലിം സ്ത്രീകളെ സംരക്ഷിച്ചിരിക്കുന്നു എന്ന് പറയുന്ന സംഘ്പരിവാറും കളിക്കുന്നത് ഇതേ കളിയിലെ മറ്റൊരു റോള്‍ ആണ്.
ഫെമിനിസത്തിന്റെ തനിനിറം
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സ്ത്രീ പ്രശ്‌നമായി ഈ വത്തക്ക വിഷയത്തെ അവതരിപ്പിച്ചത് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത സമയത്താണ്. കേരളത്തില്‍ മദ്യപാനം വര്‍ധിക്കുന്നത് ഒരു സ്ത്രീ പ്രശ്‌നമായി ഇവര്‍ക്കാര്‍ക്കും ഇന്നും അനുഭവപ്പെടുന്നേ ഇല്ല എന്നതാണ് തമാശ.
അമേരിക്കയില്‍ ഫെമിനിസ്റ്റ് പ്രക്ഷോഭകര്‍ ആദ്യമുയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ ഒന്ന്(1917ല്‍) മദ്യത്തിന് നിയമപരമായ നിരോധനം വേണമെന്നായിരുന്നു. കാരണം ആ സമൂഹത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് മദ്യപിച്ചു വീട്ടില്‍ വന്ന് ഭാര്യയെ തല്ലുന്നതായിരുന്നു. കേരളത്തിലും ഗാര്‍ഹിക പീഡനങ്ങള്‍ എത്രത്തോളം സാധാരണമാണ് എന്ന് നമുക്കറിയാം.'വെള്ളമടിച്ചു പാതിരാത്രി വീട്ടില്‍ വന്നു കേറുമ്പോ ചുമ്മാ തൊഴിക്കാന്‍ എനിക്കൊരു പെണ്ണിനെ വേണം' എന്ന സിനിമാ ഡയലോഗ് ആഘോഷിച്ചു നടന്നപ്പോള്‍ അതില്‍ ഒരു സ്ത്രീ വിരുദ്ധതതയും അനുഭവപ്പെടാത്തവരാണ് ശരാശരി മലയാളികള്‍. മദ്യപിച്ച് ഭാര്യയെ തല്ലുക എന്നത് അത്ര മാത്രം മലയാളിയുടെ നിത്യജീവിതത്തിന്റെ സാധാരണ ഭാഗമായിട്ടുണ്ട്. ഇതിന് ചുക്കാന്‍ പിടിച്ച ഭരണപക്ഷത്തെ സംഘടനകളാണ് ഇന്ന് സ്ത്രീത്വത്തിന്റെ പേരില്‍ വത്തക്ക കളിക്കുന്നത്. അതില്‍പെട്ടുപോയ മതേതര നാട്യക്കാരായ ജാഹിലുകളെ വെറുതെ വിടാം.
മുസ്‌ലിം സ്ത്രീകള്‍ക്ക് ഫ്‌ളാഷ് മൊബ് കളിക്കാനുള്ള അവകാശത്തിന് വേണ്ടിയെന്ന പേരില്‍ കേരളം മുഴുവന്‍ തട്ടം വാടകക്ക് വാങ്ങി ഫ്‌ളാഷ് മൊബ് പ്രതിഷേധം നടത്തിയതും മുസ്‌ലിം സമൂഹത്തിലെ സദാചാര ബോധത്തെ ചീമുട്ട എറിയാന്‍ കിട്ടിയ നല്ല ഒരവസരമാണ് അത് എന്ന് മനസ്സിലാക്കിയത് കൊണ്ടായിരുന്നു. ആര്‍ക്കും എന്തും പറയാവുന്ന ഫേസ്ബുക്കില്‍ ആരോ ചിലര്‍ മലപ്പുറത്ത് ഫ്‌ളാഷ് മൊബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരേ പോസ്റ്റ് ഇട്ടു എന്നതാണ് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയെ ഇങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ചത്.
ഉത്തരവാദപ്പെട്ട ആരെങ്കിലും നടത്തിയ എന്തെങ്കിലും പരാമര്‍ശത്തിന്റെ പോലും പേരിലായിരുന്നില്ല അത്.
പരിഹസിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീ
ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് നേരെ കുറെ പ്രാകൃതമായ നിയമങ്ങള്‍ നിലവിലുണ്ട് എന്ന് സമൂഹത്തില്‍ സ്ഥാപിക്കല്‍ ആണ് ഈ പദ്ധതികളുടെ ലക്ഷ്യം. അതിനായി ഇത്തരത്തില്‍ ഉള്ള ഏത് ചെറിയ അവസരത്തെയും അവര്‍ ഉപയോഗിക്കും. അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അസത്യങ്ങളും അര്‍ധ സത്യങ്ങളും ചേര്‍ത്തുണ്ടാക്കും. ലക്ഷ്യം വയ്ക്കുന്നത് ഒരു സമൂഹത്തെ അല്ല, അവരുടെ വിശ്വാസ സംഹിതയെ തന്നെയാണ്. അഫ്ഗാന്‍ യുദ്ധത്തെ സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ ന്യായീകരിക്കാനും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിലവിലുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് ഇസ്‌ലാമിനെ പ്രാകൃത മതമാക്കി അവതരിപ്പിച്ചു സഹായം ചെയ്യുകയും ചെയ്യുന്ന അതേ പ്ലേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണിത്.
മുസ്‌ലിം സ്ത്രീകളുടെ വ്യക്തിത്വത്തെ ഇവരെപ്പോലെ അപമാനിക്കുന്ന മറ്റാരുണ്ട്. അവളുടെ വസ്ത്രത്തെ പ്രാകൃതം എന്ന് വിളിക്കുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരം പ്രാകൃത വിളികള്‍ അവള്‍ക്കുണ്ടാക്കുന്ന മാനസിക വിഷമങ്ങള്‍ ഒരു സ്ത്രീ പ്രശ്‌നമായി ഒരിക്കലും പരിഗണിക്കില്ല നമ്മുടെ ഫെമിനിസ്റ്റുകള്‍.
മുസ്‌ലിം സ്ത്രീകളെ മുഴുവന്‍ ഭീതിതമായ തടവറയില്‍ ജീവിക്കുന്ന തടവ് പുള്ളികളെപ്പോലെയാണ് ഇവര്‍ നോക്കിക്കാണുന്നത്. അല്ലെങ്കില്‍ അങ്ങനെ കാണണമെന്ന് പൊതു സമൂഹത്തെ ഇവര്‍ പഠിപ്പിക്കുന്നു.
മുസ്‌ലിം സ്ത്രീ അവളുടെ മത വിശ്വാസ ആചാരങ്ങള്‍ അംഗീകരിച്ചു ജീവിക്കുന്നതില്‍ ലിബറലുകള്‍ക്കുള്ള കല്ലുകടി ചെറുതല്ല. മത പൗരോഹിത്യത്തിന്റെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായവര്‍, അല്ലെങ്കില്‍ പുരുഷാധിപത്യത്തിനു കീഴടങ്ങിയവര്‍ എന്നൊക്കെയാണ് മുസ്‌ലിം സ്ത്രീക്ക് ഇവര്‍ നല്‍കിയ വിളിപ്പേര്.
ഇടതുപക്ഷ സംഘടനകള്‍ ഇന്ന് ഡിങ്ക മതത്തിന്റെ ആസ്ഥാന കേന്ദ്രങ്ങളാണ്. എസ്.എഫ്.ഐയുടെ ഓഫിസ് ഡിങ്കമതത്തിന് തീറെഴുതീയതു പോലെയാണ് കാര്യങ്ങള്‍. സാംസ്‌കാരിക നക്‌സലുകള്‍ ഇടതുപക്ഷ ഓഫിസുകളില്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് മതേതര സമൂഹം പരിശോധിക്കാന്‍ സമയമായി.
ചീമുട്ടയുമായി വാതില്‍ക്കല്‍ തക്കം പാര്‍ത്തിരുന്നവനെപ്പോലെയാണ് ഇവര്‍ മതങ്ങള്‍ക്ക് നേരെ അവസരം പാര്‍ത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."