റേഡിയോകോളര്‍ ഘടിപ്പിച്ച കൊമ്പന്റെ വിളയാട്ടം തുടരുന്നു
സുല്‍ത്താന്‍ ബത്തേരി: പള്ളിവയല്‍, വടക്കനാട് ഭാഗങ്ങളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പന്റെ വിളയാട്ടം വീണ്ടും. വെള്ളിയാഴ്ച പള്ളിവയല്‍ പ്രദേശത്തിറിങ്ങിയ കാട്ടാന വെള്ളകെട്ട് കരുണാകന്റെ നാല് ഏക്കറോളം വരുന്ന കൃഷിയിടത്തിലെ കമുകുകള്‍, കാപ്പി ചെടികള്‍, തെങ്ങുകള്‍ എന്നിവ നശിപ്പിച്ചു.
ആന കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് ഓടിക്കാന്‍ എത്തിയ വെള്ളകെട്ട് കരുണാകരനും മകന്‍ പ്രദീപ്കുമാറിന് നേരെയും ആന ചീറിയടുത്തു. തലനാരിഴക്കാണ് രണ്ടുപേരും രക്ഷപ്പെട്ടത്. ഇവരുടെ തൊട്ടടുത്ത് വരെ കൊമ്പന്‍ പാഞ്ഞെത്തിയതായും താനും മകനും കട്ടാനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും കരുണാകരന്‍ പറയുന്നു.
കുരിക്കാട്ടില്‍ കുര്യാക്കോസ്, കൊച്ചുപുരക്കല്‍ വര്‍ഗീസ്, നമ്പിച്ചാന്‍കുടി എല്‍ദോ എന്നിവരുടെ കൃഷിയിടത്തിലെ കമുകിന്‍ തൈകള്‍, കാപ്പിച്ചെടികള്‍, തെങ്ങുകള്‍ തുടങ്ങി നിരവധി കാര്‍ഷികോല്‍പന്നങ്ങളും വെള്ളിയാഴ്ച്ച രാത്രി കാട്ടാന നശിപ്പിച്ചു. രാത്രി എട്ട്് മണിയോടെയാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പനും മറ്റൊരു കൊമ്പനും ചേര്‍ന്ന് കൃഷികള്‍ നശിപ്പിച്ചത്. കൃഷിയിടത്ത് നിലയുറപ്പിച്ച കൊമ്പനെ ഓടിക്കാന്‍ വനംവകുപ്പ് വാച്ചര്‍മാരും പ്രദേശവാസികളും ശ്രമം നടത്തിയെങ്കിലും ആന കാടുകയറിയില്ല. പിന്നീട് പുലര്‍ച്ചെ മൂന്നോടെയാണ് കൊമ്പന്‍മാര്‍ കാടുകയറിയത്. വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ്, കര്‍ഷകര്‍ സ്ഥാപിക്കുന്ന സ്വകാര്യ ഫെന്‍സിങ്, ട്രഞ്ച് എന്നിവ മറികടന്നാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിസ്ഥലങ്ങളിലേക്ക് എത്തുന്നത്. വൈദ്യുത കമ്പിവേലികള്‍ തകര്‍ത്ത് കൃഷി സ്ഥലങ്ങളിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് ഓടിക്കാന്‍ കഴിയാതെ നിസഹായരായിരിക്കുകയാണ് കൃഷിക്കാര്‍. കൃഷിസ്ഥങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ പടക്കം പൊട്ടിച്ചാലും ശബ്ദമുണ്ടാക്കിയാലും കാട്ടിലേക്ക് കയറിപോവാതെ കൃഷിയിടങ്ങളില്‍ തന്നെ നേരം പുലരുവോളം നിലയുറപ്പിക്കും.
വനംവകുപ്പ് വാച്ചര്‍മാരും ഉദ്യോഗസ്ഥരും സുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതെയാണ് ആനയടക്കമുള്ള വന്യമൃഗങ്ങളെ തുരത്താനായി എത്തുന്നതെന്നും വനംവകുപ്പ് വാച്ചര്‍മാര്‍ ആനയെ ഓടിക്കാന്‍ ഉപയോഗിക്കുന്നത് കവണയും വടിയുമാണ് ഇത് പര്യാപ്തമല്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം റേഡിയോ കോളര്‍ ഘടിപ്പിച്ച കൊമ്പന്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് പതിവായതോടെ കര്‍ഷകര്‍ ഭീതിയിലാണ്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സഞ്ചാരപഥം മനസിലാക്കി കൊമ്പനെ നീരിക്ഷിക്കാനും കൃഷിയിടത്തില്‍ ഇറങ്ങുന്നത് തടയാനും വനംവകുപ്പ് തയാറാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."