നയതന്ത്രയുദ്ധം മുറുകുന്നു റഷ്യ 27 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ കൂടി പുറത്താക്കി
മോസ്‌കോ: മുന്‍ ഇരട്ടച്ചാരനെതിരായ വധശ്രമ സംഭവത്തില്‍ ബ്രിട്ടീഷ്-റഷ്യ നയതന്ത്ര തര്‍ക്കം മുറുകുന്നു. നേരത്തെ പുറത്താക്കിയവര്‍ക്കു പുറമെ പുതുതായി 27 ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ക്കെതിരേയും റഷ്യ നടപടി സ്വീകരിച്ചു. ഇതോടെ 50 ബ്രിട്ടീഷ് നയതന്ത്രജ്ഞരെയാണ് റഷ്യ പുറത്താക്കിയത്.
വെള്ളിയാഴ്ച മോസ്‌കോയിലെ ബ്രിട്ടീഷ് അംബാസഡര്‍ ലൗറി ബ്രിസ്റ്റോയെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി പിന്‍വലിക്കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ ബ്രിട്ടനിലെ റഷ്യന്‍ നയതന്ത്ര കാര്യാലയത്തിനു തുല്യമായി മോസ്‌കോയിലെ റഷ്യന്‍ കാര്യാലയത്തിലെയും ജീവനക്കാരുടെ എണ്ണം ഒരു മാസത്തിനകം വെട്ടിക്കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഇതിനു പിറകെയാണ് കൂടുതല്‍ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ റഷ്യ പുറത്താക്കിയത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവയാണു പുതിയ നടപടി പ്രഖ്യാപിച്ചത്. മൊത്തം 50 പേരെയാണ് തങ്ങള്‍ പുറത്താക്കുന്നതെന്നും ഇരുരാജ്യങ്ങളുടെയും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഇരട്ടച്ചാരനെതിരായ രാസപ്രയോഗ വിവാദത്തെ തുടര്‍ന്ന് ബ്രിട്ടന്‍ 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ഇതിനു തിരിച്ചടിയായി റഷ്യ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെയും പുറത്താക്കി. ഇതോടെയാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഉടലെടുത്ത നയതന്ത്ര തര്‍ക്കം അന്താരാഷ്ട്രതലത്തിലേക്കു വ്യാപിച്ചത്. ഇതിനു ശേഷം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആസ്‌ത്രേലിയ അടക്കമുള്ള മറ്റു രാജ്യങ്ങളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ബ്രിട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്. അമേരിക്ക 60 ഉദ്യോഗസ്ഥരെയാണു പുറത്താക്കിയത്. ആകെ 150 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ അന്താരാഷ്ട്ര നടപടിയുണ്ടായി.
ഇതിനു തിരിച്ചടിയായി വ്യാഴാഴ്ച 60 അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. തൊട്ടുപിറകെ വെള്ളിയാഴ്ച തങ്ങള്‍ക്കെതിരേ നടപടി കൈക്കൊണ്ട മറ്റു രാജ്യങ്ങളിലെ പ്രതിനിധികളെയും പുറത്താക്കി നിലപാട് കടുപ്പിച്ചു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ലിത്വാനിയ, ഉക്രൈന്‍, സ്വീഡന്‍, ആസ്‌ത്രേലിയ, കാനഡ, ചെക്ക് റിപബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാരെ വിളിപ്പിച്ച ശേഷമായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."