സെല്‍ഫിക്കടിമയാണോ? അതൊരു രോഗമാണ്
ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ അതില്‍ ഫോട്ടോയെടുക്കാത്തവരുണ്ടാകില്ല. കൗതുകകരമായ ദൃശ്യങ്ങള്‍ കണ്ണില്‍പ്പെട്ടാല്‍ അതു ഫോണിലെ ക്യാമറയില്‍ പകര്‍ത്താന്‍ ആര്‍ക്കും കൊതിതോന്നും. മൊബൈല്‍ ക്യാമറ വന്നകാലം മുതല്‍ ഉള്ള സ്വഭാവമാണത്. പിന്നീട്, ആ രീതി സ്വന്തം ചിത്രം കൂടി ഉള്‍പ്പെടുത്തിയുള്ള ദൃശ്യം പകര്‍ത്തലിലേയ്ക്കു മാറി. ഇങ്ങനെ ചെയ്യുന്നതിനു സെല്‍ഫിയെന്ന പേരുംവന്നു.
സെല്‍ഫിയെടുക്കലും കൗതുകകരമായ ഏര്‍പ്പാടുതന്നെയാണ്. സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കാത്തവരും ഉണ്ടാകില്ല. അതില്‍ പുതുമയില്ല. തനിക്ക് ഇഷ്ടപ്പെട്ട പശ്ചാത്തലത്തില്‍വച്ചോ തനിക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍ക്കൊപ്പമോ ഫോട്ടോയെടുക്കല്‍ ആരും കൊതിക്കുന്ന കാര്യമാണല്ലോ. സെല്‍ഫിയാകുമ്പോള്‍ മറ്റാരുടെയും സഹായം ആവശ്യവുമില്ല. ഇഷ്ടമുള്ള ദൃശ്യങ്ങള്‍ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള രീതിയില്‍ പരസഹായമില്ലാതെ പകര്‍ത്താന്‍ കഴിയുമെന്നതാണു സെല്‍ഫിയുടെ ഗുണം.
ഇന്നു പഴയരീതിയിലുള്ള ഓട്ടോഗ്രാഫ് അപ്രത്യക്ഷമായിരിക്കുന്നു. ആ സ്ഥാനത്തു സെല്‍ഫി കടന്നെത്തിയിരിക്കുന്നു. താരങ്ങളുള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ കുടെ നില്‍ക്കുന്ന സ്വന്തം ദൃശ്യം പകര്‍ത്താന്‍ ഏറെ എളുപ്പമുള്ള മാര്‍ഗമാണു സെല്‍ഫി. മറ്റുള്ളവരുടെ സഹായം തേടേണ്ട. ആ വ്യക്തിയുടെ സമ്മതം മാത്രമേ വേണ്ടൂ. ആ ദൃശ്യം കാണുന്നവര്‍ക്കു വിശ്വാസം വരാന്‍ വേറെ തെളിവൊന്നും ആവശ്യമില്ല.
ഓട്ടോഗ്രാഫ് എന്ന പദത്തിന്റെ പിന്‍ഗാമിയെന്നു കരുതാവുന്ന സെല്‍ഫി എന്ന വാക്കിനെ ഒരു ഇംഗ്ലിഷ്പദമായി അംഗീകരിക്കുന്നതുപോലും 2014 ലാണ്. ഒരു വ്യക്തി സ്മാര്‍ട്ട് ഫോണോ വെബ്ക്യാമോ ഉപയോഗിച്ചു (സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയെന്ന പ്രധാനോദ്ദ്യേശ്യത്തോടെ) സ്വയം പകര്‍ത്തുന്ന തന്റെ ചിത്രം എന്നാണു സെല്‍ഫി (Selfie) എന്ന പദത്തെ ഓക്‌സ്ഫഡ് ഡിക്ഷണറി വിശേഷിപ്പിക്കുന്നത്. ഒന്നില്‍ക്കൂടുതല്‍ ആളുകളുള്ളതിനെ ഇന്നു ഗ്രുപ്ഫി (Groupfie) എന്നു വിളിക്കുന്നുണ്ട്.
ക്യാമറഫോണുകളുടെ ആവിര്‍ഭാവം ഫോട്ടോ എടുക്കുക എന്ന ആശയത്തെ സമൂലം മാറ്റിയിരുന്നു. ഒരു കാലത്തു വല്ലപ്പോഴുമെന്ന നിലയിലാണു നാം ഫോട്ടോ എടുത്തിരുന്നത്. അതിനു തന്നെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുടെ സഹായം ആവശ്യമാണ്. അതിനു സാമ്പത്തികച്ചെലവുണ്ട്. അത്തരം ഫോട്ടോകള്‍ ലഭിക്കാന്‍ കാലതാമസവുമുണ്ടാകും.
എന്നാല്‍, ഒരു നാണയത്തിനു രണ്ടുവശമുണ്ടെന്നതുപോലെ സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ക്കൊപ്പം അതിന്റെ ദുരുപയോഗം മൂലം അത്രതന്നെ ദോഷങ്ങളുമുണ്ടാകും. അതു സമൂഹത്തിനും വ്യക്തികള്‍ക്കും ഏറെ തലവേദന സൃഷ്ടിക്കുന്നവയുമാണ്. സാങ്കേതികവിദ്യയുടെ നല്ലവശത്തെ കവച്ചുവയ്ക്കും വിധം ദുരുപയോഗം ചെയ്യാന്‍ മിടുക്കന്മാരാണു നമ്മളെന്നു പണ്ടേ തെളിയിച്ചു കഴിഞ്ഞതാണ്.
ഏതു കാര്യത്തിന്റെയും നല്ല വശം ഉപയോഗിച്ചു വികാസത്തിലേയ്ക്കു കുതിക്കുക എന്നതിനു പകരം കാര്യമായ ഉപദ്രവമില്ലെന്നു തോന്നിയാല്‍ ചെറിയ ദോഷങ്ങള്‍ക്കു വഴങ്ങി ആ വഴിക്കു പോകുന്നതാണു മനുഷ്യസ്വഭാവം. പില്‍ക്കാലത്ത് അതു കൂടുതല്‍ ദോഷത്തിനു വഴിവയ്ക്കുമോ എന്ന വീണ്ടുവിചാരം പോലും ഉണ്ടാവാറില്ല. സെല്‍ഫിയുടെ കാര്യത്തിലും ആ വഴി തന്നെയാണു നമ്മള്‍ സ്വീകരിച്ചത്.
സെല്‍ഫി എന്ന വാക്കിനു പിന്നാലെ ഒദ്യോഗികമായി പരിഗണിക്കപ്പെട്ട വാക്കാണു സെല്‍ഫൈറ്റിസ്. ഒരു നിയന്ത്രണവുമില്ലാതെ സ്വന്തം ഫോട്ടോ അടിക്കടി എടുക്കാനും അതു സമുഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാനുമുള്ള ഒരാളുടെ താല്‍പ്പര്യം അല്ലെങ്കില്‍ സ്വഭാവം അതിനെയാണു സെല്‍ഫൈറ്റിസ് (Selfitis) എന്നു പറയുന്നത്.
അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ സെല്‍ഫൈറ്റിസ് എന്ന മാനസികാവസ്ഥയെ രോഗമായി പ്രഖ്യാപിക്കുന്നത് 2017 ലാണ്. എന്തിനെയും രോഗമായിക്കാണുന്നതു മനോരോഗവിദഗ്ധരുടെ ദുശ്ശിലമാണെന്നു വിലയിരുത്തി ഇതിനെ അങ്ങനെ തള്ളിക്കളയേണ്ട. ഗുരുതരമായി ചിന്തിക്കേണ്ട, പരിഗണിക്കേണ്ട രോഗം തന്നെയാണിത്.
സ്വന്തം ഫോട്ടോ എത്രവേണമെങ്കിലും എടുത്തോളൂ, അതില്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍, വിശ്രമമില്ലാതെ സെല്‍ഫികള്‍ എടുത്തുകൂട്ടി സോഷ്യല്‍മീഡിയാ പോസ്റ്റുകള്‍ നിറയ്ക്കുമ്പോള്‍ അതു കാണുന്നവര്‍ക്ക് എന്തായാലും തോന്നും, 'ഇയാള്‍ക്ക് എന്തോ കുഴപ്പമുണ്ട്' എന്ന്. കുറച്ചുകൂടി ലൈക്ക് കിട്ടാന്‍ അപകടകരമായ അവസ്ഥയിലും ആപകടാവസ്ഥയില്‍പ്പെട്ടവന്റെ അരികിലുമായി സെല്‍ഫിയെടുത്തു പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്നവരെ സമുഹം വില്‍ക്കുന്നതു ഭ്രാന്തന്മാരെന്നാണ്. സാഹസികത കാണിച്ച് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുകയെന്നതാണ് ഇവരുടെ അന്തിമ ലക്ഷ്യം.
ഫോട്ടോയോടും ലൈക്കുകളോടുമുള്ള ജനങ്ങളുടെ ആസക്തി മുതലെടുക്കുവാന്‍ വന്‍കിട കമ്പനികള്‍ മറന്നിട്ടില്ല. വിപണിയില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഫോണുകളെല്ലാം പ്രാധാന്യം കൊടുക്കുന്നതു കാമറകള്‍ക്കാണ്. ജനങ്ങളുടെ കാഴ്ച്ചപ്പാടും ആ വഴിക്കുതന്നെയാണ്. മറ്റെന്തെല്ലാമുണ്ടായാലും നല്ല കാമറയില്ലാത്ത ഫോണിന് എപ്പോഴും സ്ഥാനം ഒരുചുവടു പിന്നിലായിരിക്കും. കാമറ കൊണ്ടു മാത്രം തൃപ്തിപ്പെടാത്തവര്‍ക്കു സ്വന്തം ഭംഗി കൂട്ടിക്കാണിക്കാന്‍ ബ്യൂട്ടിഫിക്കേഷന്‍ ആപ്പുകളും ഇപ്പോള്‍ ഫോണുകളില്‍ ലഭ്യമാണ്.
ലൈക്കുകളുടെ ക്ഷാമത്താല്‍ സെല്‍ഫിയെടുത്തു ജീവന്‍ കളഞ്ഞവരുടെയും അപകടത്തില്‍പ്പെട്ടവരെ സഹായിക്കേണ്ടിടത്തു സെല്‍ഫിയെടുത്ത് ആസ്വദിക്കുന്നവരുടെയും എണ്ണം അടുത്തകാലത്തായി വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണു സെഫിഭ്രാന്ത് ശരിക്കും രോഗമാണോയെന്ന ചിന്ത മനോരോഗവിദഗ്ധര്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വിഷയമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."