ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റ്: വാര്‍ണര്‍
സിഡ്നി: ആസ്ത്രേലിയക്കായി ഇനി കളിക്കാനിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡേവിഡ് വാര്‍ണര്‍. പന്തില്‍ കൃത്രിമത്വം കാണിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ആസ്ത്രേലിയയുടെ മുന്‍ വൈസ് ക്യാപ്റ്റനായ വാര്‍ണറാണ് വിവാദവും നാണക്കേടുമുണ്ടാക്കിയ പദ്ധതിയുടെ സൂത്രധാരന്‍ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
12 മാസത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് സാധ്യതയില്ലെന്ന സൂചനയാണ് സിഡ്നിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ച് അദ്ദേഹം നടത്തിയത്. സ്മിത്തിനെ പോലെ പൊട്ടിക്കരഞ്ഞ് ഏറെ വികാരാധീനായാണ് വാര്‍ണറും പ്രതികരിച്ചത്. പന്ത് ചുരുണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട മാധ്യങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും താരം മറുപടി പറഞ്ഞില്ല. എഴുതി വായിച്ച പ്രസംഗം തീര്‍ന്നയുടനെ വാര്‍ണര്‍ ഹാള്‍ വിട്ട് പോകുകയും ചെയ്തു.
''ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. രാജ്യത്തിനായി ഇനി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചു. നേരിയ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നത്. സഹ താരങ്ങള്‍, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍, ഇരു രാജ്യത്തേയും ക്രിക്കറ്റ് പ്രേമികള്‍ എന്നിവരോടെല്ലാം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഉപ നായകനെന്ന നിലയില്‍ നിര്‍വഹിക്കേണ്ട കടമ ചെയ്യുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ഞങ്ങളെടുത്ത തീരുമാനം മോശമായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യമുണ്ട്. രാജ്യത്തെ അപമാനിച്ചു. ആസ്ത്രേലിയന്‍ ബോര്‍ഡിന്റെ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കും. ''- വികാരം അടക്കി നിര്‍ത്താന്‍ കഴിയാതെ പൊട്ടിക്കരഞ്ഞാണ് താരം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."