മികവിന്റെ തന്ത്രങ്ങളോതി സതീവന്‍ ബാലന്‍
കൊല്‍ക്കത്ത: സതീവന്‍ ബാലന് കൂട്ടായി ഭാഗ്യവും വിജയാരവങ്ങളും എന്നുമുണ്ട്. സാള്‍ട്ട്‌ലേക്കിന്റെ പുല്‍ത്തകിടിയില്‍ കാലങ്ങള്‍ക്ക് ശേഷം ദേശീയ കിരീടത്തിനായി കേരളം ഇറങ്ങുമ്പോള്‍ സതീവന്‍ ബാലന്‍ എന്ന കേരളത്തിന്റെ പരിശീലകന്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്. ശാസ്ത്രീയ ഫുട്‌ബോള്‍ മാത്രമല്ല, ജയിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ പ്രാപ്തരാണ് സതീവന്‍ ബാലന്റെ ശിഷ്യര്‍. കളിയുടെ ഓരോ നിമിഷത്തിലും കുമ്മായ വരയ്ക്ക് പിന്നില്‍ നിന്ന് നയിക്കുന്ന തന്ത്രജ്ഞന്‍. ശക്തരെ നേരിടുമ്പോള്‍ മാത്രമേ സതീവനെ കൂടുതല്‍ സമയം കുമ്മായ വരയ്ക്ക് പിന്നില്‍ നിര്‍ദേശങ്ങളുമായി കാണാനാകൂ. ഓരോ താരത്തിന്റെയും ശക്തിയും കളി മിടുക്കും പ്രതിഭയും വ്യക്തമായി തിരിച്ചറിഞ്ഞു തന്നെയാണ് കളത്തിലിറക്കുന്നത്.
എം.ജി കോളജിലെ പഠന കാലത്താണ് സതീവന്‍ ബാലന്‍ പന്തുതട്ടി തുടങ്ങിയത്. പിന്നീട് കാര്യവട്ടം എല്‍.എന്‍.പിയില്‍ പരിശീലക കോഴ്‌സിന് ചേര്‍ന്നു. സ്‌കോളര്‍ഷിപ്പ് കിട്ടിയതോടെ ക്യൂബയില്‍ ഉപരിപഠനം. തിരിച്ചെത്തി സായിയില്‍ പരിശീലകനായി ചേര്‍ന്നു. താത്കാലിക ജോലി ഉപേക്ഷിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായി. കേരളത്തിന്റെ അണ്ടര്‍ 13 ടീമിനെ ദേശീയ ചാംപ്യനാക്കി വിജയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി. ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കീഴില്‍ പരിശീലനം നേടി. കോണ്‍സ്റ്റന്റൈന് കീഴില്‍ യൂത്ത് ഡവലപ്‌മെന്റ് പരിപാടിയുടെ ചുമതലക്കാരനായി. ഇതിനിടെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ നിയോഗമെത്തി. വെയില്‍സില്‍ നടന്ന ഇയാന്‍ റഷ് കപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി. പാകിസ്താനില്‍ നടന്ന സാഫ് അണ്ടര്‍ 19 കപ്പില്‍ റണ്ണറപ്പ്. പിന്നീട് കേരള യൂനിവേഴ്‌സിറ്റിയുടെ പരിശീലകനായി. 2013ല്‍ സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനുമായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് ചുവടുമാറ്റം. മൂന്ന് തവണയാണ് അന്തര്‍ സര്‍വകലാശാല ഫുട്‌ബോളില്‍ കാലിക്കറ്റിനെ ചാംപ്യന്‍മാരാക്കിയത്.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന സതീവന്‍ ബാലനെ തേടി ഇത്തവണ സന്തോഷ് ട്രോഫി പരിശീലക ചുമതലയും എത്തി. മേഖല പോരാട്ടം മുതല്‍ തോല്‍വി അറിയാതെ കേരളത്തെ ഫൈനലിലേക്ക് എത്തിച്ച് സതീവന്‍ ബാലന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു. സതീവന്‍ ബാലന് പിന്തുണയുമായി ടീം മാനേജരായ കാസര്‍കോട് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സി ആസിഫും കൂട്ടിനുണ്ട്. മുന്‍ ഫുട്‌ബോള്‍ താരമായ ആസിഫിന് കാല്‍പന്തുകളി പാരമ്പര്യമായി കിട്ടിയതാണ്. കേരളം കപ്പില്‍ മുത്തമിടാന്‍ ഒരു ചുവടു മാത്രം. അതിനും കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇന്ത്യന്‍ സെലക്ടര്‍ കൂടിയായ സതീവന്‍ ബാലന്‍. തിരുവനന്തപുരം പട്ടം മരപ്പാലം വിശ്വവിഹാറിലാണ് താമസം. ഭാര്യ: ഷീജ. മക്കള്‍: ശ്രുതിയും ലയയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."