പട്ടയവിതരണ കേസുകള്‍ അതിവേഗം തീര്‍പ്പാക്കും: റവന്യൂ മന്ത്രി
കൊച്ചി: ട്രൈബ്യൂണലുകളില്‍ ദീര്‍ഘനാളായി തീര്‍പ്പാകാതെ കിടക്കുന്ന പട്ടയവിതരണവുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.
കോതമംഗലം താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി കുട്ടമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സകൂളില്‍ സംഘടിപ്പിച്ച പട്ടയവിതരണ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിമാരുടെ സൗകര്യത്തിനായി ട്രിബ്യൂണലുകളില്‍ ദീര്‍ഘകാലത്തേക്ക് കേസുകള്‍ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ട്രിബ്യൂണല്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കി ക്രയസര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയവിതരണമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോളനി നിവാസികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതിയുടെ പ്രഖ്യാപനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ, നിയമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു.
പാര്‍പ്പിട പദ്ധതിക്കായുള്ള 2,34,50,000 രൂപയുടെ ചെക്ക് മന്ത്രി വന സംരക്ഷണ സമിതിക്ക് കൈമാറി. സമിതിക്ക് വേണ്ടി മലയാറ്റൂര്‍ ഡി.എഫ്.ഒ ചെക്ക് ഏറ്റുവാങ്ങി. പിണവൂര്‍കുടി കോളനിയിലെ മോഹനന്‍ പാണാലി, കെ.കെ. സന്തോഷ്, വെള്ളക്കണ്ണി ചന്ദ്രന്‍ എന്നിവര്‍ക്കുള്ള പട്ടയവും മന്ത്രി വിതരണം ചെയ്തു. വന്യമൃഗങ്ങളുടെ അക്രമം മൂലം മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
ജില്ലയിലെ വിവിധ താലൂക്കുകളിലായി ആകെ 343 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതില്‍ 100 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 24 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടുന്നു. 124 എല്‍.എ പട്ടയങ്ങളാണ് ആകെയുള്ളത്. ഇതില്‍ കൊച്ചി അഞ്ച്, കണയന്നൂര്‍ 14, കോതമംഗലം 52, കുന്നത്തുനാട് 21, മുവാറ്റുപുഴ രണ്ട്, ആലുവ 25, പറവൂര്‍ അഞ്ച് എന്നിങ്ങനെയാണ് വിതരണം. ഒരു വനഭൂമി പട്ടയവും ഉള്‍പ്പെടുന്നു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതം ആശംസിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ ആന്റണി ജോണ്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, പന്തപ്ര കോളനി ഊരു മൂപ്പന്‍ കുട്ടന്‍ ഗോപാലന്‍, കാണി തങ്കപ്പന്‍ കാമാക്ഷി, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ ഇമ്പശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ ഈശ പ്രിയ, മലയാറ്റൂര്‍ ഡി.എഫ്.ഒ രഞ്ജന്‍. എ, മുവാറ്റുപുഴ ആര്‍.ഡി.ഒ എസ്. ഷാജഹാന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."