കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മാണോദ്ഘാടനം നടത്തി
കൊച്ചി: സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ വികസന രംഗത്ത് 82602 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പൊതുമരാമത്തു വകുപ്പുമന്ത്രി ജി. സുധാകരന്‍. ഇന്ന് മുതല്‍ ആരംഭിക്കുന്ന വികസനപദ്ധതികളുള്‍പ്പെടെയാണിതെന്നും മന്ത്രി വ്യക്തമാക്കി. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയുള്ള നാലുവരി പാത നിര്‍മാണത്തിന്റെ ഭാഗമായി കുറച്ചു മാസങ്ങള്‍ക്കകം മലബാര്‍ മേഖലയില്‍ റോഡ് നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ബാക്കിയുള്ള ഭാഗങ്ങളിലും തൃശ്ശൂര്‍ ജില്ലയിലും ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗങ്ങളിലും നവംബറില്‍ ദേശീയപാത നിര്‍മാണം തുടങ്ങും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരമാവധി നടപടികള്‍ എടുത്തിട്ടാണ് വൈറ്റിലയിലെയും കുണ്ടന്നൂരിലെയും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. ഈ രണ്ട് മേല്‍പാലങ്ങള്‍ക്കും ടോള്‍ എര്‍പ്പെടുത്തുകയില്ല. നിലവില്‍ 14 പാലങ്ങള്‍ക്ക് ഇപ്പോഴും ടോള്‍ കൊടുക്കേണ്ടി വരുന്നുണ്ട് ഇവയെയും ടോളില്‍ നിന്ന് ഒഴിവാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അനുവാദം കിട്ടുന്ന മുറയ്ക്ക് അറ്റ്‌ലാന്റിസ് ഫ്‌ളൈ ഓവറിന്റെ പണി എറ്റെടുക്കും.
വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി അണ്ടര്‍പാസ് നിര്‍മിക്കും. വൈറ്റില ജങ്ഷനില്‍ സര്‍വീസ് റോഡുകള്‍ വീതികൂട്ടി ടാര്‍ ചെയ്യും. സംസ്ഥാനത്ത് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യവികസനം നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അഭിപ്രായവും വിദഗ്ധരുടെ അഭിപ്രായവും സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ അഭിപ്രായം മാത്രം കേട്ടുകൊണ്ട് മുന്നോട്ടുപോകില്ലെന്നും മന്ത്രി പറഞ്ഞു.
എം. സ്വരാജ് എം.എല്‍.എ അധ്യക്ഷനായിരുന്നു. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എ.എം ആരിഫ്, മുന്‍ എം.പി പി. രാജീവ്, മരട് നഗരസഭാ ചെയര്‍മാന്‍ സുനില സിബി, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ജബ്ബാര്‍ പാപ്പന, ആര്‍ബിഡിസികെ മാനേജിംഗ് ഡയറക്ടര്‍ ആഷ തോമസ ്, ജനറല്‍ മാനേജര്‍ ജെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുണ്ടന്നൂര്‍ മേല്‍പ്പാലം
അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ ആകെ 701 മീറ്റര്‍ നീളവും ആറുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 24 മീറ്റര്‍ വീതിയിലുമാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. വൈറ്റില ഭാഗത്തുള്ള അപ്രോച്ച് റോഡ് റിഇന്‍ഫോഴ്‌സ്ഡ് എര്‍ത്ത് വാള്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിക്കുന്നതാണ്.
തൃപ്പൂണിത്തുറ പേട്ട ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തടസം കൂടാതെ അരൂരിലേക്കും അരൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തടസംകൂടാതെ തേവര ഭാഗത്തേക്കും പോകുന്നതിനായി രണ്ടുഭാഗത്തും സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും നിര്‍മിക്കും.
ഫ്‌ളൈഓവറിന്റെ താഴെയുള്ള റോഡിലൂടെ ഗതാഗതം സുഗമമാക്കുന്നതിന് ഒരു റൗണ്ട് ബോട്ടും സിഗ്‌നലും സ്ഥാപിക്കും. കോണ്‍ക്രീറ്റ് പേവിങ് ടൈല്‍ വിരിച്ച് മോടി കൂട്ടുന്നതും പദ്ധതിയുടെ ഭാഗമാണ്. മേരി മാത കണ്‍സ്ട്രക്ഷന്‍ കമ്പനി 74.45 കോടി രൂപയ്ക്കാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."