ബാര്‍ കൗണ്‍സില്‍ നീക്കം ആപല്‍ക്കരം
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാര്‍ ഒപ്പിട്ട നോട്ടിസില്‍ കോണ്‍ഗ്രസ് എം.പിമാരായ അഭിഭാഷകരെ ലക്ഷ്യം വച്ച് ബാര്‍ കൗണ്‍സില്‍ രംഗത്ത് വന്നത് ജനാധിപത്യ ഭരണസമ്പ്രദായത്തിന് ഭീഷണിയും നീതിന്യായ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്നതുമാണ്. ഒപ്പിട്ട എം.പിമാരായ അഭിഭാഷകരെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നു വിലക്കണമെന്ന് ബി.ജെ.പി നേതാവും സുപ്രിം കോടതി അഭിഭാഷകനുമായ അശ്വനി കുമാര്‍ പ്രമേയം വഴി ആവശ്യപ്പെട്ടത് ബാര്‍ കൗണ്‍സില്‍ അംഗീകരിച്ചത് ഉത്കണ്ഠാജനകമാണ്. പ്രമേയത്തില്‍ എം.പിമാരുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.
കപില്‍ സിബല്‍ തൊട്ടുള്ള എം.പിമാര്‍ അഭിഭാഷകരെന്ന നിലക്കല്ല ഇംപീച്ച്‌മെന്റ് നോട്ടിസില്‍ ഒപ്പ് വച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍ എന്ന നിലക്കാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പാര്‍ലിമെന്ററി പ്രവര്‍ത്തനം നടത്തുന്നത്.ആ നിലക്ക് ഇവരെ പ്രാക്ടീസില്‍ നിന്നു തടയുമെന്നു പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന അനുവദിച്ച അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്.പ്രമേയം ബാര്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിച്ചാലും ജനാധിപത്യവിരുദ്ധമല്ലാതെയാകുന്നില്ല. തെരഞ്ഞെടുത്തയച്ച പാര്‍ട്ടിയുടെ നിര്‍ദേശം സ്വീകരിക്കുക എന്നത് എം.പിമാരുടെ ബാധ്യതയാണ്. അതിനെതിരേ തുരങ്കം തീര്‍ക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കാനാണ്. ബാര്‍ കൗണ്‍സിലിന്റെ അപ്രമാദിത്വം കരുവാക്കി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയ ചര്‍ച്ചയില്‍ നിന്നു അഭിഭാഷകരായ എം.പിമാരെ തടഞ്ഞു നിര്‍ത്താനുള്ള ആര്‍.എസ്.എസിന്റെ കുതന്ത്രമാണ് ഇതിനു പിന്നില്‍. ഇത് ചീഫ് ജസ്റ്റിസിനെ കൂടുതല്‍ അരക്ഷിതമാക്കുകയേയുള്ളൂ. ഒക്ടോബറില്‍ പിരിയേണ്ട അദ്ദേഹത്തെ പൊതുസമൂഹത്തിന്റെ മുമ്പില്‍ കൂടുതല്‍ സംശയത്തിന് ഇടയാക്കുകയും ചെയ്യും. ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും അദ്ദേഹത്തിനു പിരിയേണ്ട സമയമാകും.
ജുഡിഷ്യറിയെ ആര്‍.എസ് .എസ് പ്രത്യയശാസ്ത്രം കൊണ്ട് കുത്തിനിറയ്ക്കുകയാണെന്ന് കപില്‍ സിബല്‍ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ചില നടപടികള്‍ക്കെതിരേ കപില്‍ സിബല്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടായ കപില്‍ സിബലിനെതിരേ അവസരം പാര്‍ത്ത് കഴിയുകയായിരുന്നു അവര്‍. തുടര്‍ന്നാണിപ്പോള്‍ ബാര്‍ കൗണ്‍സിലിനെ ഉപയോഗപ്പെടുത്തി ഭീഷണിയുടെ വാള്‍ ഉയര്‍ത്തിയിരിക്കുന്നത് ആശങ്കയുളവാക്കുന്നു.
അഭിഭാഷക കൂട്ടായ്മ എന്നതിനപ്പുറം നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ അധികാരമുളള ഔദ്യോഗിക സ്ഥാപനവും കൂടിയായ ബാര്‍ കൗണ്‍സിലില്‍ സംഘ് പരിവാര്‍ പിടിമുറുക്കുന്നത് ജുഡിഷ്യറിയെ തകര്‍ക്കും.
ചീഫ് ജസ്റ്റിസിന്റെ ചില നടപടികളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചതിനെത്തുടര്‍ന്നാണു് കോടതിയുടെ അകത്തളങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ അറിയാന്‍ തുടങ്ങിയത്. ഇതിന്റെ ബലത്തിലാണ് കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.ഇതേ തുടര്‍ന്നാണ് സര്‍ക്കാറിനെതിരേ ഫുള്‍കോര്‍ട്ട് ( ജഡ്ജിമാരുടെ യോഗം) വിളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയത് ' ഇതിനെയെല്ലാം പ്രതിരോധിക്കാനാണ് ബാര്‍ കൗണ്‍സിലിനെ മറയാക്കി സംഘ്പരിവാര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതജുഡിഷ്യറിയെ കൈയിലൊതുക്കുവാന്‍ തീ വ്ര ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇഷ്ടമുള്ളവരെ ജഡ്ജിമാരാക്കുവാന്‍ ജുഡിഷ്യല്‍ നിയമന കമ്മിഷന്‍ കൊണ്ടുവന്നെങ്കിലും ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി സുപ്രിം കോടതി അത് തളളി. അതിനു ശേഷം കൊളീജിയം നിര്‍ദേശി ക്കുന്ന ജഡ്ജിമാരുടെ പേരുള്‍ക്കൊള്ളുന്ന പാനല്‍ തളളിപ്പോരുന്ന പ്രവര്‍ത്തിയിലാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ ഇഷ്ടക്കാരെ കുത്തിനിറക്കുന്നുമുണ്ട്.സര്‍ക്കാറിനെതിരേയുള്ള ഫുള്‍ കോര്‍ട്ടും ചീഫ് ജസ്റ്റിസിനെതിനെരേയുള്ള ഇംപീച്ച്‌മെന്റും തടയുവാന്‍ ബാര്‍ കൗണ്‍സിലിനെ ഉപകരണമാക്കുന്ന സംഘ് പരിവാര്‍ ശ്രമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധ സ്വരങ്ങള്‍ ഉയരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."