പൊള്ളലേറ്റ പന്ത്രണ്ടുകാരന് ചികിത്സ നിഷേധിച്ചുവെന്ന്
ആര്‍പ്പൂക്കര: ' കാലിന് കുഴപ്പമില്ലല്ലോ, പിന്നെ എന്തുകൊണ്ടാണ് ഒ.പി.യില്‍വന്ന് കാണാതിരുന്നത്, ഞങ്ങള്‍ക്ക് രാത്രി ഇങ്ങോട്ടുവരണമെങ്കില്‍ വാഹനസൗകര്യം ഉണ്ടാക്കിത്തരണ്ടേ'...തിളച്ച എണ്ണപ്പാത്രത്തില്‍വീണ് മുഖത്തിന് പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ കഴിയുന്ന 12കാരന് ചികിത്സ ലഭിച്ചില്ലെന്ന ബന്ധുക്കളുടെ പരാതിക്ക് നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്.
പാമ്പാടി പങ്ങട പാറയ്ക്കല്‍ താഴെ ഷാന്‍സിയുടെ മകന്‍ ആദിത്യന്‍ (12) ആണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ആശുപത്രിയില്‍ കഴിയുന്നത്. ഉത്സവത്തോടനുബന്ധിച്ച് പപ്പടം കാച്ചുന്നതിനിടെയാണ് തിളച്ച എണ്ണപ്പാത്രത്തിലേക്ക് ആദിത്യന്‍ വീണത്. കൂട്ടുകാരുമായി ഓടിക്കളിക്കുന്നതിനിടെ മരക്കമ്പ് കാലില്‍ തട്ടിയായിരുന്നു അപകടം.
പൊള്ളലേറ്റ കുട്ടിയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയും ഇവര്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. നേത്രരോഗ വിഭാഗത്തില്‍ കാണിക്കുവാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിന്നു. ഇതിനിടയില്‍ ആദിത്യന്റെ മാതാവും മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരിയുമായ ഷാന്‍സി അത്യാഹിത വിഭാഗം ഡോക്ടര്‍ പറഞ്ഞതനുസരിച്ച് നേത്രരോഗ വിഭാഗത്തിലെത്തി. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ ഒ.പിയില്‍ കൊണ്ടുവന്ന് കാണിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ്‌ക്കോ ഞങ്ങള്‍ വന്നു കൊള്ളാമെന്നായിരുന്നു നേത്രരോഗ വിഭാഗത്തിന്റെ പിന്നീടുള്ള മറുപടി.
തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയിലെത്തി, പൊള്ളലേറ്റതിനെ തുടര്‍ന്നുള്ള പ്രാഥമിക ചികിത്സകളും, പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം, നേത്രരോഗ വിഭാഗത്തെ കാണിക്കുവാന്‍ നിര്‍ദേശിച്ചു. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തി ബന്ധപ്പട്ട വിഭാഗത്തില്‍ വിവരം നല്‍കി. രാത്രി 9 മണി കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ വരാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആര്‍.എം.ഒയെ വിളിച്ച് പരാതി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയിലെത്തിയ നേത്രരോഗ വിഭാഗം, ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം കയര്‍ത്തു സംസാരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."