കോടതിയലക്ഷ്യം: ജേക്കബ് തോമസിന്റെ ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: തനിക്കെതിരേ കേരളാ ഹൈക്കോടതിയുടെ കീഴിലുള്ള കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് നല്കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹരജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് ഹാജരാവുന്നത്. അതേസമയം, കേസില്‍ സ്റ്റേ അനുവദിക്കരുതെന്ന് ഹൈക്കോടതിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി ഇന്ന് ആവശ്യപ്പെട്ടേക്കും. ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും അവ മാധ്യമങ്ങള്‍ മുഖേന പ്രചരിപ്പിച്ചതും കോടതിയലക്ഷ്യമാണ്. ഹരജിക്കാരന്റെ നിലപാട് തങ്ങള്‍ക്കുകൂടി അറിയേണ്ടതുണ്ട്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യക്കേസ് സ്റ്റേ ചെയ്യരുതെന്നും വി. ഗിരി ആവശ്യപ്പെടും. താനൊരിക്കലും കോടതിയെ വിമര്‍ശിച്ചിട്ടില്ലെന്നും അഴിമതിക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരേയാണ് വിമര്‍ശനം ഉന്നയിച്ചതെന്നുമാണ് ഹരജിയില്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ കേന്ദ്രവിജിലന്‍സ് കമ്മിഷന് (സി.വി.സി) അയച്ച പരാതിയില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന ആരോപണമാണ് ജേക്കബിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് ആധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."