വേണം പുരോഗതി; വിമാനത്താവളത്തിനും അനുബന്ധ റോഡുകള്‍ക്കും
മട്ടന്നൂര്‍: കണ്ണൂരുകാര്‍ പുതിയ സര്‍ക്കാരില്‍ അര്‍പ്പിക്കുന്ന പ്രധാന വിശ്വാസങ്ങളിലൊന്നാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരണം. ഇനിയും നാല്‍പ്പതു ശതമാനത്തോളം പ്രവര്‍ത്തി വിമാനത്താവളം പൂര്‍ണ സജ്ജമാകാന്‍ ബാക്കിയുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താന്‍ ആവശ്യമായ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ 3050 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായത്. വിമാനത്താവളത്തോടൊപ്പം വികസിക്കേണ്ടതാണ് അനുബന്ധ റോഡുകളും. റോഡുകളുടെ പ്രവൃത്തി സംബന്ധിച്ച ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രധാന പാത കണ്ണൂര്‍-ചക്കരക്കല്ല്-കാര-വിമാനത്താവളം ഗ്രീന്‍ഫീല്‍ഡ് റോഡാണ്. ശക്തമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തിയപ്പോള്‍ ഭൂഉടമകള്‍ക്ക് നല്‍കാനായി പുതിയ പാക്കേജ് കലക്ടര്‍ സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. ഇതു പുനഃപരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ആവശ്യം. വയനാട് ഭാഗത്തു നിന്നു മട്ടന്നൂരിലേക്കുള്ള റോഡും നാദാപുരം-പാനൂര്‍-മട്ടന്നൂര്‍ റോഡും കാഞ്ഞങ്ങാട്-പയ്യന്നൂര്‍-ധര്‍മശാല-ചാലോട് റോഡും മട്ടന്നൂര്‍-കണ്ണൂര്‍ റോഡുമാണ് മെച്ചപ്പെടുത്തേണ്ടത്. ഇതിനു പുറമേ പഴശ്ശി കനാല്‍ ബൈപ്പാസ് റോഡ്, തലശ്ശേരി വളവുപാറ റോഡ് എന്നിവയും യാഥാര്‍ഥ്യമാക്കണം. വയാന്തോട്-കാര റോഡിന്റെ പ്രവൃത്തി മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് വിമാനത്താവളത്തിനു നല്‍കിയപോലെ മാതൃകാപരമായ പാക്കേജ് നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."