ഒന്‍പത് ജില്ലകളില്‍ വരള്‍ച്ച പ്രതികരണ പ്രവര്‍ത്തനങ്ങള്‍
തിരുവനന്തപുരം: കടുത്ത വേനലിനെ തുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ വരള്‍ച്ച പ്രതികരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളാണ് വരള്‍ച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നത്.
എല്ലാ ജില്ലകളിലും ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ വഴി കുടിവെള്ളം എത്തിക്കും. ആലപ്പുഴ ജില്ലയില്‍ വാഹനം എത്താത്തിടങ്ങളില്‍ വള്ളം, ബോട്ട് എന്നിവ വഴി തഹസില്‍ദാരുടെ കര്‍ശന നിരീക്ഷണത്തില്‍ കുടിവെള്ളം എത്തിക്കും. പാലക്കാട് ജില്ലയില്‍ 33 ശതമാനത്തിലധികം കൃഷി നാശമുണ്ടെന്ന് കൃഷി വകുപ്പ് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കൃഷിനാശം സംബന്ധിച്ച കേന്ദ്രമാനദണ്ഡം അനുവദിക്കുന്ന ആശ്വാസ സഹായം അനുവദിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഒരു കോടി രൂപയില്‍ അധികരിക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കും. വരള്‍ച്ച ജില്ലകളായി പ്രഖ്യാപിച്ച ഇടങ്ങളില്‍ അധികമായി വാട്ടര്‍ കിയോസ്‌കുകള്‍ ആവശ്യമാണെങ്കില്‍ അംഗീകൃത ഏജന്‍സികളില്‍നിന്നു പോളിമര്‍ ടാങ്കുകള്‍ വാങ്ങി നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മാത്രം ജി.പി.എസ് ഘടിപ്പിച്ച ടാങ്കറില്‍ ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍ കുടിവെള്ള വിതരണം നടത്തുന്നതിനും ജില്ലാ കലക്ടര്‍മാര്‍ക്ക് നേരിട്ട് തീരുമാനമെടുക്കാനും അനുമതി നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം അനുവദിച്ച തുക ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നു കുടിവെള്ള വിതരണത്തിന് പണം വിനിയോഗിക്കാവൂ എന്നും സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണര്‍ കൂടീയായ റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."