വിദേശ നിയമസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: വിദേശ നിയമസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന നിയമോപദേശകന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. വിദേശത്തെ നിയമസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വരുന്നതിലൂടെ വിവിധ കേസുകളില്‍ അവരുടെ നിയമ പരിജ്ഞാനം നമുക്കു ലഭിക്കും. വിദേശ അഭിഭാഷകന്റെ ഇതുസംബന്ധിച്ച അപേക്ഷ വളരെ കൃത്യമായിരുന്നു.
ഹരജികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് മുന്‍പ് ഏഴുതവണ അദ്ദേഹം അതു തിരുത്തിയിരുന്നുവെന്നും വിദേശ അഭിഭാഷകരുടെ കഴിവ് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ ലോ അസോസിയേഷന്റെ ഇന്ത്യ ചാപ്റ്റര്‍ ഇന്റര്‍നാഷനല്‍ കൊമേഴ്‌സ്യല്‍ ലോയെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുരാഷ്ട്ര കമ്പനികള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ (സി.എസ്.ആര്‍) കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ലാഭം പരമാവധി വര്‍ധിപ്പിക്കുക എന്നതായിരിക്കരുത് വ്യവസായം വളര്‍ത്തുക എന്നതിന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള വല്‍ക്കരണത്തെ അതിജീവിക്കാന്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും നിലവിലുള്ളവ ഭേദഗതി വരുത്തുകയും വേണമെന്ന് ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. ആഗോളവല്‍ക്കരണ യുഗത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് നമ്മുടെ നിയമങ്ങളിലും മാറ്റമുണ്ടാകണം. പൗരന്റെ വിവരങ്ങളും സ്വകാര്യതയും സുരക്ഷിതമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ഈ മേഖലയിലെ നിയന്ത്രിക്കുന്നതിനു വേണ്ടി നയങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."