ഞങ്ങളും ഹിന്ദുക്കളല്ലേ..? എന്തിനീ ക്രൂരത
ലഖ്‌നൗ: പ്രതിശ്രുത വരനും ബന്ധുക്കള്‍ക്കും വധുവിന്റെ വീട്ടിലേക്ക് ആചാരപ്രകാരം വരാന്‍ വഴി അനുവദിക്കാത്ത സവര്‍ണരുടെ അഹന്തയെ ചോദ്യം ചെയ്ത് ദലിത് പ്രതിശ്രുത വധൂവരന്‍മാര്‍. വടക്കന്‍ ഉത്തര്‍പ്രദേശ് ഹര്‍ത്താസ് ജില്ലയിലെ ബസായി ബാബാസ് ഗ്രാമത്തിലാണ് സവര്‍ണരുടെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്ത സംഭവമുണ്ടായത്.
ഗ്രാന്‍ഡ് ജാതവ് എന്ന ദലിത് വിഭാഗത്തില്‍പ്പെടുന്ന സഞ്ജയ്കുമാര്‍, ശീതള്‍ എന്നിവരുടെ വിവാഹത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹ ആചാരത്തിനെതിരേയാണ് പ്രദേശത്തെ താക്കൂര്‍ സമുദായം രംഗത്തെത്തിയത്. 'ബാര്‍ത്ത് 'എന്ന പേരില്‍ ഉത്തരേന്ത്യക്കാര്‍ വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചിരുത്തുന്ന ചടങ്ങ് നടത്താന്‍ ഈ ദലിത് കുടുംബത്തിനു സവര്‍ണര്‍ സഞ്ചരിക്കുന്ന വഴി വിട്ടുതരില്ലെന്നായിരുന്നു താക്കൂര്‍ വിഭാഗം അറിയിച്ചത്.
സവര്‍ണ വിഭാഗത്തിന്റെ മേല്‍ക്കോയ്മക്കെതിരേ നാളുകളായി നിയമപോരാട്ടത്തിലാണ് ഈ പ്രതിശ്രുത വധൂവരന്‍മാര്‍. ഭരണഘടന എല്ലാവര്‍ക്കും തുല്യപദവി നല്‍കുന്നുവെന്നാണ് പറയുന്നത്. 'ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് നാമെല്ലാവരും ഹിന്ദുക്കളാണെന്നാണ്. എന്നിട്ടും ഞങ്ങള്‍ എന്തുകൊണ്ടാണ് ഈ അവസ്ഥ അനുഭവിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ഹിന്ദുക്കളല്ലേ..?' വരനായ സഞ്ജയ് കുമാര്‍ ചോദിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പരാതി നല്‍കി. പൊലിസ് സ്റ്റേഷന്‍ മുതല്‍ മുഖ്യമന്ത്രിക്കുവരെ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളെ വരെ സമീപിച്ചു. അവസാനം ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഒരിടത്തും ഗതിയില്ലാതായപ്പോള്‍ സവര്‍ണ മേല്‍കോയ്മക്കെതിരേ ഇവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വധുവിന്റെ വീട്ടിലേക്കുള്ള വഴിയില്‍ മാലിന്യവും അഴുക്കുചാലിലെ വെള്ളവും നിറഞ്ഞിരിക്കുകയാണ്.
വിവാഹം നടക്കേണ്ട ദിവസമാകുമ്പോഴേക്ക് ഇതു മാറ്റാന്‍ കഴിയില്ല. തുടര്‍ന്നാണ് സമീപത്തുള്ള മറ്റൊരു വഴിയിലൂടെ വിവാഹ ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ പ്രദേശത്തുള്ള താക്കൂര്‍ സമുദായക്കാര്‍ രംഗത്തുവരികയായിരുന്നു.
സംഭവം വിവാദമായതോടെ സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ വധുവിനോട് പറഞ്ഞത് നിങ്ങള്‍ വഴി ഉപയോഗിച്ചോളൂ, പക്ഷെ യാത്രയ്ക്കുശേഷം വൃത്തിയാക്കി നല്‍കണമെന്നാണ്. ഇതിനു ജാതവ്-താക്കൂര്‍ കുടുംബങ്ങള്‍ സമ്മതമാണെന്ന് അറിയിച്ചെങ്കിലും പ്രശ്‌നങ്ങള്‍ അവിടെയൊന്നും തീര്‍ന്നില്ല. പിന്നീട് താക്കൂര്‍ സമുദായക്കാര്‍ പെണ്‍കുട്ടിക്ക് വിവാഹപ്രായമായിട്ടില്ലെന്ന് പറയുകയും വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ മാനാഭിമാനത്തെ ചോദ്യം ചെയ്ത സവര്‍ണ മേധാവിത്വത്തിനെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നാണ് സഞ്ജയും ശീതളും പറയുന്നത്. പോരാട്ടം തുടരുവാനായി ദലിത് നേതാക്കളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."