യു.എസ്-ദ.കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം
സിയൂള്‍: മേഖലയിലെ അനുരഞ്ജന ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം. 'ഫോള്‍ ഈഗ്ള്‍' എന്ന പേരില്‍ അറിയപ്പെടുന്ന വാര്‍ഷിക സൈനികാഭ്യാസമാണ് ഇന്നലെ രാവിലെ സിയൂളില്‍ ആരംഭിച്ചത്. ദ.കൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവാണ് വാര്‍ത്ത പുറത്തുവിട്ടത്.
11,500 അമേരിക്കന്‍ സൈനികരും 2,90,000 ദ.കൊറിയന്‍ സൈനികരും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്നതാണു പരിശീലനം.
സാധാരണ ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ഇരുരാജ്യങ്ങളുടെയും സൈന്യം അണിനിരക്കുന്ന സൈനികാഭ്യാസം നടക്കാറ്. എന്നാല്‍, ഇത്തവണ ദ.കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായാണ് അഭ്യാസം നീട്ടിവച്ചത്.
ഒളിംപിക്‌സില്‍ പങ്കെടുക്കണമെങ്കില്‍ സൈനികാഭ്യാസം മാറ്റിവയ്ക്കണമെന്ന് ഉ.കൊറിയ ആവശ്യപ്പെട്ടിരുന്നു. ഇതു ദ.കൊറിയ അംഗീകരിക്കുകയും തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം ഇരുകൊറിയകളുടെയും കായിക താരങ്ങള്‍ ഒന്നിച്ച് മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ശക്തമായ നയതന്ത്ര കൂടിക്കാഴ്ചകള്‍ക്ക് തുടക്കം കുറിച്ചത്.
ഈ മാസം അവസാനത്തില്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശത്തില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കളായ കിം ജോങ് ഉന്‍, മൂണ്‍ ജെ. ഇന്‍ എന്നിവര്‍ പങ്കെടുക്കുന്ന കൊറിയന്‍ ഉച്ചകോടിയും നിശ്ചയിച്ചിട്ടുണ്ട്.
ആണവായുധ വാഹിനികളായ വിമാനങ്ങള്‍ അടക്കം ദ.കൊറിയയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെയും സൈനിക ശക്തിയുടെയും പ്രദര്‍ശനമാണ് വര്‍ഷത്തില്‍ നടക്കുന്ന സൈനികാഭ്യാസം. മുന്‍പത്തെ വര്‍ഷങ്ങളില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ക്കു പിറകെ ശക്തമായ തിരിച്ചടിയുമായി ഉ.കൊറിയ രംഗത്തെത്തിയിരുന്നു.
എന്നാല്‍, പുതിയ പശ്ചാത്തലത്തില്‍ ഇത് എങ്ങനെയാകും ഉ.കൊറിയ സ്വീകരിക്കുകയെന്ന കാര്യം വ്യക്തമല്ല.
ആണവായുധ പരിശീലനം നിര്‍ത്തിവയ്ക്കാന്‍ തയാറാണെന്ന് അടുത്തിടെ ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ അടക്കം ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."