ഗസ്സയിലെ ഇസ്‌റാഈല്‍ വെടിവയ്പ്
യുനൈറ്റഡ് നാഷന്‍സ് /തല്‍ അവീവ്: ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എന്‍ പ്രസ്താവന അമേരിക്ക വീറ്റോ ചെയ്തു. സംഭവത്തെ അപലപിക്കുകയും അക്രമപ്രവര്‍ത്തനങ്ങളില്‍നിന്ന് ഇസ്‌റാഈലിനോട് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പ്രസ്താവനയാണ് അമേരിക്ക തടഞ്ഞിരിക്കുന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രക്ഷാസമിതിയില്‍ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് കുവൈത്താണ് പ്രസ്താവന അവതരിപ്പിച്ചത്. ഫലസ്തീനികള്‍ക്കെതിരായ ക്രൂരമായ ആക്രമണത്തെ കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നാണ് പ്രസ്താവനയിലെ പ്രധാന ആവശ്യം. രാജ്യാന്തര നിയമങ്ങള്‍ ബഹുമാനിക്കാന്‍ ഇസ്‌റാഈല്‍ തയാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രണ്ടു രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ദ്വിരാഷ്ട്ര പരിഹാരം അടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി സമാധാന ചര്‍ച്ച പുനരാരംഭിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും വ്യക്തമാക്കി. പ്രസ്താവന ചര്‍ച്ച ചെയ്ത യോഗം സംഭവത്തില്‍ കടുത്ത നടുക്കം രേഖപ്പെടുത്തി. യോഗം സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കുള്ള അവകാശം ഊന്നിപ്പറയുകയും നിരപരാധികളായ ഫലസ്തീനികിളുടെ ജീവനഷ്ടത്തില്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച തന്നെ പ്രസ്താവനയുടെ കരടുരേഖ മുഴുവന്‍ അംഗങ്ങള്‍ക്കും അയച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രസ്താവന രക്ഷാസമിതി യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലെ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. പ്രസ്താവനയെ അമേരിക്ക പിന്തുണക്കില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു.
ആക്രമണത്തെ കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ശക്തമായി അപലപിച്ചിരുന്നു. യു.എന്‍ വക്താവ് ഫര്‍ഹാന്‍ ഹഖാണ് ഗുട്ടറസിന്റെ പ്രസ്താവന പുറത്തുവിട്ടത്. 'ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന പ്രക്രിയ അടിയന്തരമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നതിനാണ് പുതിയ സംഭവം അടിവരയിടുന്നത്. ഫലസ്തീനികള്‍ക്കും ഇസ്‌റാഈലികള്‍ക്കും തൊട്ടടുത്തായി സമാധാനത്തോടെയും സുരക്ഷയോടെയും ജീവിക്കാവുന്ന തരത്തിലുള്ള പരിഹാരത്തിലെത്തുന്ന അര്‍ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങേണ്ടതുണ്ട് '- പ്രസ്താവനയില്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
അതിനിടെ, ഫലസ്തീനികള്‍ക്കെതിരേ ആക്രമണം നടത്തിയ ഇസ്‌റാഈല്‍ സൈന്യത്തെ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു അഭിനന്ദിച്ചു. രാജ്യാതിര്‍ത്തിയെ സംരക്ഷിക്കുകയും ഇസ്‌റാഈല്‍ പൗരന്മാര്‍ക്കു സമാധാനത്തോടെ അവധിദിനം ആഘോഷിക്കാനും അവസരമൊരുക്കിയ സൈന്യത്തെ അഭിനന്ദിക്കുന്നതായി നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 17 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. 1,400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 758 പേര്‍ക്കു വെടിയേറ്റാണു പരുക്ക്. അതിര്‍ത്തിയില്‍ ഫലസ്തീനി ജനത തുടരുന്ന ആറാഴ്ച പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇതിനെതിരേയും ഇസ്‌റാഈല്‍ സൈന്യം ആക്രമണം തുടരുന്നുണ്ട്.
1976ല്‍ ഇസ്‌റാഈലിന്റെ അധിനിവേശത്തിനെതിരേ നടന്ന പ്രക്ഷോഭത്തില്‍ ആറു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ 'ഭൂമിദിനം' എന്ന പേരില്‍ വാര്‍ഷികാചരണ പരിപാടികളും നടന്നിരുന്നു. ഇതിനിടെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതോടെയാണ് വിവിധ സംഘടനാവൃത്തങ്ങള്‍ ചേര്‍ന്ന് അതിര്‍ത്തിയില്‍ ആറാഴ്ച പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ഹമാസ് അടക്കമുള്ള സംഘടനകളാണു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."