എവറസ്റ്റ് കീഴടക്കലില്‍ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി കാമി ഷെര്‍പ്പ
കാഠ്മണ്ഡു: എവറസ്റ്റ് ആരോഹണത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി നേപ്പാള്‍ സ്വദേശി. 22-ാം തവണ കൊടുമുടി കയറി റെക്കോര്‍ഡ് ഭേദിക്കാനാണ് കാമി ഋതാ ഷെര്‍പ്പ എന്ന 48കാരന്‍ ഒരുങ്ങുന്നത്. എന്നാല്‍, 8,848 അടി ഉയരത്തിലുള്ള കൊടുമുടി കയറുകയെന്നത് ഷെര്‍പ്പയ്ക്ക് ഒരു റെക്കോര്‍ഡ് മറികടക്കാനുള്ള കേവല സാഹസികതയല്ല, അതൊരു ജീവിതപ്രശ്‌നം കൂടിയാണ്. രണ്ടു ദശകത്തോളമായി എവറസ്റ്റ് ആരോഹകര്‍ക്ക് ഗൈഡായി പ്രവര്‍ത്തിക്കുകയാണ് ഷെര്‍പ്പ. ഇതു ലോക റെക്കോര്‍ഡ് മറിക്കടക്കാനായല്ല താന്‍ കൊടുമുടി കയറുന്നതെന്ന് കാമി ഷെര്‍പ്പ പറഞ്ഞു.
പര്‍വതാരോഹകര്‍ക്ക് വഴികാട്ടുന്നതിന്റെ ഭാഗമായുള്ള തന്റെ 22-ാം കൊടുമിടി കയറ്റമാണെന്ന പ്രത്യേകത മാത്രമേ ഉള്ളൂവെന്നും ഇതൊരു മത്സരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1994ലാണ് കാമി ഷെര്‍പ്പ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. അന്ന് അദ്ദേഹത്തോടൊപ്പം മറ്റു 49 പേരും കൊടുമുടി കീഴടക്കി. കഴിഞ്ഞ വര്‍ഷം 634 പേര്‍ എവറസ്റ്റ് പര്യവേക്ഷണം നടത്തിയതായി ഷെര്‍പ്പ പറയുന്നു. ഓരോ വര്‍ഷവും ഏപ്രില്‍ തുടക്കത്തിലാണ് പര്‍വതാരോഹണത്തിന് തുടക്കമിടാറ്. പുതിയ ആരോഹകര്‍ പര്‍വതത്തിലെ കടുത്ത കാലാവസ്ഥയോടു പൊരുത്തപ്പെടാന്‍ രണ്ടുമാസത്തോളം എടുക്കുമെന്ന് ഷെര്‍പ്പ പറയുന്നു.
അമേരിക്ക കേന്ദ്രമായ ആല്‍പൈന്‍ അസെന്റ്‌സ് കമ്പനിക്കു വേണ്ടിയാണ് കാമി ഋതാ ഷെര്‍പ്പ ഗൈഡായി ജോലി ചെയ്യുന്നത്. നേപ്പാളിലെ പര്‍വതമേഖലയില്‍ ജീവിക്കുന്ന പ്രത്യേക ഗോത്രവര്‍ഗമാണ് കാമി ഋതയുടേത്. ഷെര്‍പ്പ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവിടത്തെ കാലാവസ്ഥയുമായി നല്ല പരിചയമുള്ളതിനാല്‍ മിക്ക പര്‍വതാരോഹണ ഓപറേറ്റിങ് കമ്പനികളും ഇവരെയാണ് ഗൈഡുകളായി ജോലിക്കു നിയമിക്കാറ്. എഡ്മണ്ട് ഹിലരിയും ടെന്‍സിങ്ങും ചേര്‍ന്നു നടത്തിയ ആദ്യ എവറസ്റ്റ് പര്യവേക്ഷണത്തിന്റെ 65-ാം വാര്‍ഷികം കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."