സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്നുപേര്‍കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍കൂടി അറസ്റ്റില്‍. 12ാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കണോമിക്‌സ് അധ്യാപകനാണ്. ഇയാള്‍ ഡല്‍ഹി ഭാവനയിലെ കോച്ചിങ് സെന്റര്‍ ഉടമകൂടിയാണെന്ന് പൊലിസ് അറിയിച്ചു. ഭാവനക്കടുത്ത കോണ്‍വെന്റ് സ്‌കൂളിലെ ഫിസിക്‌സ്, മാത്‌സ് അധ്യാപകരായ റിഷാബ്, രോഹിത് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേര്‍. പേപ്പര്‍ ചോര്‍ത്തി നല്‍കുന്നതിന് 2,000 മുതല്‍ 2,500 രൂപവരെ ഇവര്‍ വാങ്ങിയിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കിട്ടുന്ന തുക അധ്യാപകര്‍ വീതിച്ചെടുക്കുകയായിരുന്നു. ചോദ്യപേപ്പര്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി കോച്ചിങ് സെന്റര്‍ ഉടമക്ക് കൈമാറുകയായിരുന്നു. പരീക്ഷക്ക് ഒന്നര മണിക്കൂര്‍ മുന്‍പാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് ചോര്‍ത്തിയ ചോദ്യപേപ്പര്‍ നല്‍കിയതെന്നും പൊലിസ് കണ്ടെത്തി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതിനകം 60 പേരെ പൊലിസ് ചോദ്യംചെയ്തിട്ടുണ്ട്. ഇവരില്‍ 53 പേര്‍ വിദ്യാര്‍ഥികളാണ്. ആറ് വാട്‌സ്ആപ്പ് അഡ്മിന്‍മാരെയും ചോദ്യംചെയ്തു. അതിനിടെ, ചോര്‍ത്തലുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഗൂഗിളില്‍നിന്ന് പൊലിസിന് ലഭിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ ചെയര്‍പേഴ്‌സണ്‍ അനിതാ കാര്‍വാളിന് ഇ-മെയില്‍ വഴി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളാണ് ഗൂഗിള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."