മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇനി മുകളിലത്തെ നിലയില്‍
മദീന: മദീനയിലെ പ്രവാചക പള്ളിയില്‍ ഇഹ്തികാഫ് ഇരിക്കുന്നത് ഇനി പള്ളിയുടെ മുകളില്‍ മാത്രം. താഴത്തെ നില നിസ്‌കാരത്തിന് മാത്രമായി ഒഴിച്ചിടും. ഇതിനായി പള്ളിക്ക് മുകളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മദീന ഗവര്‍ണറും പ്രവിശ്യ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്ന മദീന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് പദ്ധതി അംഗീകാരം നല്‍കിയത്.
സൗകര്യപ്പെടുത്തല്‍ പൂര്‍ത്തിയായാല്‍ ഒന്നാം ഘട്ടം ഈ വര്‍ഷം റമദാന്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ മസ്ജിദുന്നബവിയില്‍ താഴത്തെ നില നിസ്‌കാരത്തിന് മാത്രമായി ഉപയോഗിക്കാനാകും. ഒരേ സമയം പതിനായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കാനുള്ള സൗകര്യം റംസാനു മുന്‍പായി ഇവിടെ ഒരുക്കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ സ്വകാര്യ ലഗേജുമായി വരുമ്പോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന തടസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് പള്ളിയുടെ മുകളിലത്തെ നിലയില്‍ സൗകര്യമൊരുക്കുന്നത്. കൂടാതെ നിസ്‌കരിക്കുന്നവര്‍ക്ക് വിഘാതമാകുന്നത് തടയാനും ഇത് ഉപകരിക്കും.
റമദാനില്‍ ഇഅ്തികാഫ് ഇരിക്കുന്നവരില്‍ ചിലരുടെ തെറ്റായ പ്രവണതകളെ തടയാനും നിര്‍ദേശമുണ്ട്. ചിലരുടെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് തടയാനാണ് നിര്‍ദേശം. പെട്ടികള്‍ അകത്തേക്ക് കടത്തുക, സ്വകാര്യ വസ്തുക്കള്‍ നിശ്ചയിച്ച സ്ഥലത്തല്ലാതെ വെക്കുക, നിസ്‌കരിക്കുന്നവര്‍ക്ക് ബുദ്ധിമുണ്ടാക്കുന്ന വിധത്തില്‍ കിടക്കുക, നിബന്ധനകള്‍ പാലിക്കപ്പെടാതിരിക്കുക തുടങ്ങിയവ നിരീക്ഷിക്കാനും റമദാനില്‍ ഇഅ്തികാഫിനിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി വെക്കാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."