തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട കേസ്; പ്രതി പിടിയില്‍
കൊല്ലം: കാവനാട് ജങ്ഷന് സമീപം തമിഴ്നാട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി പൊലിസിന്റെ പിടിയിലായി.
തമിഴ്നാട് നാഗര്‍കോവില്‍ നാഗപട്ടണം സ്വദേശി അന്തോണിയാര്‍ അടിമ (45)യെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കാവനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് മുഖത്ത് കല്ലുകൊണ്ടിടിച്ച് കൊല ചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂത്തുക്കുടി രംഗനാഥപുരം സ്വദേശി സന്ദനം എന്നയാളാണ് കൊലചെയ്യപ്പെട്ടത്.
ഒരു മാസം മുന്‍പാണ് അന്തോണിണിയാര് കൊല്ലത്ത് എത്തിയത്. നീണ്ടകര ഹാര്‍ബറില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ വച്ചാണ് മരിച്ച സന്ദനവുമായി പരിചയപ്പെടുന്നത്.
ഇരുവരും സ്ഥിരം മദ്യപിക്കുന്നത് ഒരുമിച്ചായിരുന്നു. സംഭവ ദിവസവും ഇരുവരും മദ്യപിക്കുകയും തുടര്‍ന്ന് പണത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു.
ആളൊഴിഞ്ഞ പുരയിടത്തില്‍ മദ്യപിക്കുകയായിരുന്ന അന്തോണിയാര്‍ അടിമയെ മരിച്ച സന്ദനം മര്‍ദിക്കുകയും തുടര്‍ന്ന് സന്ദനത്തെ അന്തോണിണിയാര് അടിമ കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
മൃതദേഹം കിടന്ന സമീപത്തെ ജ്യൂസ് കടക്കാരനില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിരുന്നു. ഈ സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയില്‍ നിന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക ദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്നാട്ടിലെ നാഗപട്ടണത്തില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ് സി.ഐ ബിജുവിനായിരുന്നു അന്വേഷണ ചുമതല. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."