ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ
ന്യൂഡല്‍ഹി: കേരളാ മുന്‍ വിജിലന്‍സ് കമ്മിഷണര്‍ ജേക്കബ് തോമസിനെതിരേ ഹൈക്കോടതി തുടക്കമിട്ട കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ. ജേക്കബ് തോമസിന്റെ വിമര്‍ശനം ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അല്ലെന്നും മറിച്ച് സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍പാകെയുള്ള തുടര്‍ നടപടികള്‍ സുപ്രിംകോടതിയിലേക്കു മാറ്റിയ രണ്ടംഗ ബെഞ്ച്, ഹൈക്കോടതി തൊട്ടാവാടിയെപ്പോലെ ആകരുതെന്ന നിരീക്ഷണവും നടത്തി. തനിക്കെതിരേ കേരളാ ഹൈക്കോടതിയുടെ കീഴിലുള്ള കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. കേസില്‍ ഹൈക്കോടതിക്ക് സുപ്രിംകോടതി നോട്ടിസ് അയക്കുകയും ചെയ്തു. നാലാഴ്ച കഴിഞ്ഞ് കേസില്‍ അന്തിമവാദം കേള്‍ക്കും.
താനൊരിക്കലും കോടതിയെ വിമര്‍ശിച്ചിട്ടില്ലെന്നും അഴിമതിക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരേയാണ് വിമര്‍ശനം ഉന്നയിച്ചതെന്നുമാണ് ഹരജിയില്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മിഷന് (സി.വി.സി) അയച്ച പരാതിയില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും ഇതു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന ആരോപണമാണ് ജേക്കബിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് ആധാരം. കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെയും ഹാരിസ് ബീരാനുമാണ് ജേക്കബ് തോമസിനു വേണ്ടി ഹാജരായത്. ഇന്നലെ കേസ് പരിഗണിക്കവെ ഹരജിക്കാരുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. പ്രാധാന്യമുള്ള കേസായതിനാലാണ് ജഡ്ജിമാരുടെ പേരുവച്ചതെന്നും കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും ദുശ്യന്ത് ദവെ വാദിച്ചു.
കേന്ദ്ര വിജിലന്‍സ് കമ്മിഷന് അയച്ച പരാതിയില്‍ അപകീര്‍ത്തികരമുണ്ടെന്നു വാദിച്ച ഹൈക്കോടതിക്കു വേണ്ടി ഹാജരായ വി. ഗിരി, പരാതിയിലെ ചില പേജ് നമ്പറുകള്‍ സുപ്രിംകോടതി മുന്‍പാകെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അതില്‍ എവിടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയതെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."