വിഷുവിന് മുന്‍പ് ക്ഷേമ പെന്‍ഷനുകള്‍ കൈകളിലെത്തും
തിരുവനന്തപുരം: വിഷുവിന് മുന്‍പ് ക്ഷേമ പെന്‍ഷനുകള്‍ കൈകളിലെത്തും. നാലു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് ഈ മാസം 10ന് നല്‍കും. നേരിട്ട് വീടുകളില്‍ എത്തിക്കുന്നവര്‍ക്ക് വിഷുവിന് മുന്‍പു തന്നെ നല്‍കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതാണ്ട് 49 ലക്ഷം കുടുംബങ്ങള്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷനും വിവിധ ക്ഷേമനിധികളില്‍ നിന്നുള്ള പെന്‍ഷനും ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 2,224 കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ കൈമാറി.
അഞ്ചു വിഭാഗങ്ങളിലായി സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹരായ 42,40,054 പേര്‍ക്ക് 1948.24 കോടിയും ക്ഷേമനിധി ബോര്‍ഡുകളിലെ 17 തൊഴില്‍ വിഭാഗങ്ങളില്‍പ്പെട്ട 6,70,691 പേര്‍ക്ക് 275.94 കോടിയും നല്‍കും. 3,01,530 കര്‍ഷകര്‍ക്കും 67,115 ക്ഷീരകര്‍ഷകര്‍ക്കും 71,464 കയര്‍തൊഴിലാളികള്‍ക്കും 67,821 കശുവണ്ടിത്തൊഴിലാളികള്‍ക്കും 12,007 ചെറുകിട കച്ചവടക്കാര്‍ക്കും 63,644 മത്സ്യത്തൊഴിലാളികള്‍ക്കും 48,653 തയ്യല്‍ തൊഴിലാളികള്‍ക്കും 9,454 കൈത്തറി തൊഴിലാളികള്‍ക്കും 82 ജ്വല്ലറി തൊഴിലാളികള്‍ക്കും 1,602 ബാര്‍ബര്‍-ബ്യൂട്ടിഷന്‍ തൊഴിലാളികള്‍ക്കും 3,340 ചുമട്ടുതൊഴിലാളികള്‍ക്കും 577 അലക്ക് തൊഴിലാളികള്‍ക്കും 135 ചെറുകിട തോട്ടം തൊഴിലാളികള്‍ക്കും 9288 അസംഘടിത തൊഴിലാളികള്‍ക്കും 674 ഖാദി തൊഴിലാളികള്‍ക്കും 3,391 ബീഡി, സിഗാര്‍ തൊഴിലാളികള്‍ക്കും 8,894 മുള, ചൂരല്‍, കാട്ടുവള്ളിത്തൊഴിലാളികള്‍ക്കുമാണ് പെന്‍ഷന്‍ നല്‍കുക.
പ്രതിമാസം 1,100 രൂപ വീതമുള്ള സാമൂഹിക സുരക്ഷാ പെന്‍ഷനുകളില്‍ 4,79,343 കര്‍ഷകത്തൊഴിലാളികള്‍ക്കും 20,74,144 വയോജനങ്ങള്‍ക്കും 3,74,403 ഭിന്നശേഷിക്കാര്‍ക്കും 77,536 അന്‍പതു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കും 12,34,628 വിധവകള്‍ക്കുമായാണ് 1948.24 കോടി രൂപ വിതരണം ചെയ്യുന്നത്. ഇതില്‍ 21,89,288 പേര്‍ക്ക് ബാങ്കുവഴി 998.30 കോടി വിതരണം ചെയ്യും. ബാക്കി 20,50,766 പേര്‍ക്ക് 949.94 കോടി രൂപ നേരിട്ടു വീട്ടിലെത്തിക്കും. സ്ത്രീകളാണ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഭൂരിപക്ഷം. 27,68,668 പേര്‍.
1,63,650 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 62,458 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പട്ടവര്‍ക്കും പെന്‍ഷന്‍ ലഭിക്കും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പെന്‍ഷനാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."