പുനലൂര്‍- ചെങ്കോട്ട റെയില്‍ പാത വികസനം: 'നിഷേധാത്മക നിലപാട് സ്വീകരിച്ചതിന് കെ.എന്‍ ബാലഗോപാല്‍ മാപ്പുപറയണം'
കൊല്ലം: പുനലൂര്‍ - ചെങ്കോട്ട റെയില്‍ പാതയുടെ വികസനത്തില്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതിന് കെ.എന്‍ ബാലഗോപാല്‍ മാപ്പ് പറയണമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫിലിപ്പ് കെ. തോമസ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന വിരുദ്ധ നിലപാടു മൂലം പുനലൂര്‍ - ചെങ്കോട്ട റെയില്‍ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടി തുടങ്ങുമ്പോള്‍ പുനലൂര്‍ നഗരം ഗതാഗത കുരുക്കില്‍ ശ്വാസം മുട്ടേണ്ടി വരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
കൂടുതല്‍ തീവണ്ടികള്‍ ഓടുമ്പോള്‍ പുനലൂര്‍ നഗരത്തിലെ റെയില്‍വേ ഗേറ്റ് പലതവണ അടച്ചിടേണ്ടി വരും. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് റെയില്‍വേ തുടക്കത്തില്‍ തന്നെ റെയില്‍വേയുടെ ഭാഗം പാലം പണി പൂര്‍ത്തീകരിച്ചത്. എന്നാല്‍ പാലത്തിലൂടെ ഗതാഗതം സാധ്യമാകണമെങ്കില്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണം നടക്കണം.
അപ്രോച്ച് റോഡ് നിര്‍മിക്കാനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നിര്‍മാണം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
കൊല്ലം - ചെങ്കോട്ട റെയില്‍ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ യഥാസമയം നിറവേറ്റിയിട്ടില്ല. അപ്രോച്ച് റോഡ് ഇതുവരെയും നിര്‍മിച്ചിട്ടുമില്ല. രാജ്യസഭാംഗമായിരുന്ന കാലത്തു പോലും പുനലൂര്‍ ചെങ്കോട്ട റെയില്‍പാതയുടെ വികസനത്തിനു വേണ്ടി യാതൊരു വിധത്തിലുളള ഇടപെടലുകളോ പ്രവര്‍ത്തനങ്ങളോ കെ.എന്‍ ബാലഗോപാല്‍ നടത്തിയിട്ടില്ല.
എന്നാല്‍ ട്രെയിന്‍ ഓടി തുടങ്ങിയപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത് മുന്‍പ് എം.പി യായിരുന്ന തന്റെയും എല്‍.ഡി.എഫിന്റേയും വിജയമായി ചിത്രീകരിക്കുവാന്‍ പ്രസ്താവന നടത്തുന്നത് ലജ്ജാവഹമാണ്.
കൊല്ലത്തിന്റെ നാനാമുഖമായ വികസനത്തിന് പ്രതിബന്ധം സൃഷടിക്കുന്ന പ്രധാന ഘടകം കല്ലുകളുടെ ദൗര്‍ലഭ്യമാണ്. എന്തുകൊണ്ട് കൊല്ലം ജില്ലയില്‍ മാത്രം ക്വാറികള്‍ക്ക് നിയമാനുസരണം പരിശോധന നടത്തി ലൈസന്‍സ് നല്‍കുവാന്‍ തയാറാകുന്നില്ല എന്നതിന്റെ ഉത്തരം പറയുവാന്‍ ബാലഗോപാല്‍ ബാധ്യസ്ഥനാണ്.
നിര്‍മാണത്തിന് ആവശ്യമായ പാറയും മെറ്റലും സമീപ ജില്ലയിലെ പ്രത്യേക ക്വാറികളില്‍ നിന്നും കൂടിയ വിലയ്ക്ക് വാങ്ങുവാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിര്‍ബന്ധിതരാക്കുവാന്‍ ഇതര സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാറ തടയുവാന്‍ പൊലിസിന്റെ പ്രത്യേക സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സമീപ ജില്ലയിലെ ക്വാറി മാഫിയ്ക്ക് നിര്‍മാണ രംഗത്തെ കൊള്ളയടിക്കുവാന്‍ അവസരമുണ്ടാക്കുവാന്‍ കൊല്ലം ജില്ലയിലെ വികസനത്തെ സ്തംഭിപ്പിക്കുന്ന നിലപാടാണ് എല്‍.ഡി.എഫിന്റേത്.
ഈ വികസന വിരുദ്ധ നിലപാടിന്റെ ഉള്ളുകളികള്‍ പുറത്ത് വരാതിരിക്കാനാണ് പ്രതിസന്ധികളെ അതിജീവിച്ച് നടപ്പാക്കുന്ന വികസനങ്ങള്‍ തങ്ങളുടെ നേട്ടമാണെന്ന് ചിത്രീകരിച്ചു കൊണ്ടുള്ള കെ.എന്‍. ബാലഗോപാലിന്റെ പ്രസ്താവനയെന്നും ഫിലിപ്പ് കെ. തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."