നാസികള്‍ തകര്‍ത്ത സിനഗോഗ് ജൂത-മുസ്‌ലിം കൂട്ടായ്മയില്‍ പുനര്‍നിര്‍മിക്കുന്നു
ബെര്‍ലിന്‍: ഫലസ്തീനികള്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം തുടരുന്ന നാളുകളില്‍നിന്നു തന്നെ ജര്‍മനിയില്‍നിന്ന് മുസ്‌ലിം-ജൂത സൗഹൃദത്തിന്റെ വേറിട്ട വാര്‍ത്ത. രണ്ടാം ലോകയുദ്ധക്കാലത്ത് നാസി അതിക്രമത്തില്‍ തകര്‍ന്ന ജൂത ദേവാലയം പുനര്‍നിര്‍മിക്കാനൊരുങ്ങുകയാണ് ജര്‍മനിയിലെ മുതിര്‍ന്ന മുസ്‌ലിം രാഷ്ട്രീയ നേതാവും ജൂത സമുദായ നേതാവും.
ബെര്‍ലിനിലെ തുര്‍ക്കി-മുസ്‌ലിം അധിവാസ മേഖലയിലാണ് മതസൗഹാര്‍ദത്തിന്റെ ചരിത്രം പുനര്‍സൃഷ്ടിക്കപ്പെടുന്നത്. 1938 നവംബറിലാണ് ഇവിടെയുണ്ടായിരുന്ന ക്രിസ്റ്റല്‍നാച്ച് എന്ന സിനഗോഗ് നാസി സൈന്യം തകര്‍ത്തത്. ഫലസ്തീനില്‍ ജനിച്ച് ഇപ്പോള്‍ ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ റാഇദ് സാലിഹ് ആണ് സിനഗോഗ് പുനര്‍നിര്‍മാണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 40കാരനായ റാഇദ് ബെര്‍ലിന്‍ നിയമസഭയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കൂടിയാണ്. വെസ്റ്റ് ബാങ്ക് സ്വദേശിയാണ് റാഇദ് സാലിഹ്. റാഇദിന്റെ അഞ്ചാം വയസിലാണ് കുടുംബം ജര്‍മനിയിലേക്കു താമസം മാറുന്നത്.
ബെര്‍ലിനിലെ ജൂതസമുദായ നേതാവായ ഗിഡിയോന്‍ ജോഫ് ആണ് റാഇദിനൊപ്പം സിനഗോഗ് പുനര്‍നിര്‍മാണത്തിനായി ഒന്നിച്ചിരിക്കുന്നത്. ബെര്‍ലിന്‍ ജ്യൂയിഷ് കമ്മ്യൂണിറ്റി ചെയര്‍മാന്‍ കൂടിയാണ് ജോഫ്. ആരാധനാലയവും അതിനോട് ചേര്‍ന്ന് എല്ലാ മതവിശ്വാസികള്‍ക്കും ഒത്തുകൂടാവുന്ന ഒരു കേന്ദ്രവും ആരംഭിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഇതിനായി പണസമാഹരണം ആരംഭിച്ചുകഴിഞ്ഞു.
ജര്‍മനിയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയ്ക്കും സെമിറ്റിക്ക് വിരുദ്ധതയ്ക്കുമെതിരേ നല്ലൊരു നിര്‍മാണാത്മകമായ സന്ദേശം നല്‍കുക കൂടിയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് റാഇദും ജോഫും പറയുന്നു. ജനങ്ങള്‍ കൂടെക്കൂടെ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് എങ്ങനെ ഒന്നിച്ചിരിക്കാമെന്നു കൂടി കാണിക്കാനാണ് ഈ ശ്രമമെന്ന് റാഇദ് സാലിഹ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."