ആശുപത്രി ഉടമകളുടെ സ്റ്റേ ഇന്നവസാനിക്കും; ശമ്പളപരിഷ്‌കരണം കാത്ത് നഴ്‌സുമാര്‍
കണ്ണൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച വിജ്ഞാപനത്തിന് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയിലൂടെ നേടിയെടുത്ത സ്‌റ്റേ ഇന്നവസാനിക്കും. നേരത്തെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം ഇറക്കിയിരുന്നു.
ഇതിനുപിന്നാലെ മാര്‍ച്ച് 31ന് അന്തിമവിജ്ഞാപനം ഇറക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. അതിനിടെയാണ് തങ്ങളുടെ വാദം കേള്‍ക്കാന്‍ സമയമനുവദിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന് ഉടമകളുടെ വാദം കേള്‍ക്കാന്‍ ഏപ്രില്‍ മൂന്ന് വരെ സമയമനുവദിക്കുകയായിരുന്നു. വിഷയത്തില്‍ ഇന്ന് കോടതി വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തില്‍ 50 ജീവനക്കാരില്‍ താഴെയുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് 20,000 രൂപയും 200 കിടക്കകള്‍ക്കു മുകളിലുള്ള ആശുപത്രികളില്‍ 34,000 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനു ചുവടുപിടിച്ചുതന്നെ അന്തിമവിജ്ഞാപനം ഇറക്കുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍.
മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ യോഗം ഈ മാസം പത്തിന് ചേരുന്നുണ്ട്. അന്ന് തന്നെ സര്‍ക്കാര്‍ അന്തിമവിജ്ഞാപനവും പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ അഡൈ്വസറി ബോര്‍ഡ് ആശുപത്രി ഉടമകളുമായി വിവിധ ജില്ലകളില്‍ നടത്തിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനത്തിനെതിരേ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയാലും ആശുപത്രി ഉടമകള്‍ അത് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്. സര്‍ക്കാര്‍ നിലപാട് നഴ്‌സുമാര്‍ക്ക് വിരുദ്ധമാണെങ്കില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനമായ മെയ് 12 മുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."