നെല്ല് സംഭരണം പൂര്‍ത്തിയാകുന്നില്ല; വൈക്കോലിന് തീയിടുന്നത് നാശനഷ്ടത്തിനു കാരണമാകുന്നു
ഹരിപ്പാട്: പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് സംഭരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈക്കോലിന് തീയിട്ടത് കര്‍ഷകരെ ആശങ്കയിലാക്കി. ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ വീയപുരം മടയനാരി പാടശേഖരത്തിലായിരുന്നു സംഭവം.
175 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 40 ഏക്കറിലെ നെല്ല് സംഭരണം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് വൈക്കോലിന് തീയിടുകയായിരുന്നു. തുടര്‍ച്ചയായി അവധി ദിനങ്ങളായതിനാലാണ് സംഭരണം മുടങ്ങിയത്.
നെല്ല് സംഭരണം പൂര്‍ത്തിയായ ഭാഗത്ത് കര്‍ഷകരില്‍ ആരോ വൈക്കോലിന് തീയിട്ടത് പാടശേഖരം മൊത്തം പടര്‍ന്നുപിടിക്കുകയായിരുന്നു. കടുത്ത ചൂടില്‍ വൈക്കോല്‍ ഉണങ്ങി കിടന്നതിനാലും ശക്തമായ കാറ്റ് അനുഭവപ്പെട്ടതുമാണ് തീ ആളിപടരാന്‍ കാരണം. പാടത്ത് കുട്ടിയിട്ടിരുന്ന നെല്ലിനടുത്ത് വരെ തീയെത്തിയിരുന്നു. അമ്പതോളം വരുന്ന നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും തെങ്ങോലകൊണ്ട് തീ അടിച്ചു കെടുത്തുകയുമായിരുന്നു.ഹരിപ്പാട് നിന്നും അഗ്‌നിശമന സേന എത്തിയെങ്കിലും യാത്രാ സൗകര്യമില്ലാത്തതിനാല്‍ തിരികെ പോകുകയായിരുന്നു. കഴിഞ്ഞ പുഞ്ചകൃഷിക്കും സമാന സംഭവം ഉണ്ടായിരുന്നു.
അന്ന് പാടശേഖര സമിതി യോഗം ചേര്‍ന്നു നെല്ല് സംഭരണം പൂര്‍ത്തിയാകാതെ പാടത്ത് വൈക്കോലിന് തീയിടരുതെന്നു തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതൊന്നും കൂട്ടാക്കാതെയായിരുന്നു ഇപ്രാവശ്യവും തീയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."