സംരക്ഷണം കാത്ത് രാജപ്രതാപം
നീലേശ്വരം: സംസ്ഥാനത്തെ മുഴുവന്‍ പൈതൃക മ്യൂസിയങ്ങളും സംരക്ഷിക്കുമെന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് നീലേശ്വരം രാജകൊട്ടാരം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നീലേശ്വരം രാജവംശത്തിന്റെ കൊട്ടാരം സംരക്ഷിക്കണമെന്ന നാടിന്റെ ആവശ്യം ഇതിലൂടെ പൂവണിയുമെന്ന പ്രതീക്ഷയാണുള്ളത്.
പ്രാദേശിക ചരിത്രവും പൈതൃക വിവരങ്ങള്‍ ഒരുപോലെ ഉള്‍ച്ചേര്‍ന്ന കൊട്ടാരമാണ് നീലേശ്വരത്തേത്. ഇവ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്ത് മ്യൂസിയമാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുള്ളതാണ്. ഇവിടെ ലാന്റ് ട്രിബ്യൂണല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും അതും കാഞ്ഞങ്ങാട്ടേക്ക് മാറ്റിയതോടെ നാഥനില്ലാത്ത സ്ഥിതിയിലാണ് കൊട്ടാരമുള്ളത്. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് കൊട്ടാരം ഏറ്റെടുത്ത് നഗരസഭാ കാര്യാലയമാക്കാനുള്ള ശ്രമം നടന്നിരുന്നു. ടൗണ്‍ പ്ലാനര്‍ ഇതിനാവശ്യമായ രൂപരേഖയും തയാറാക്കിയതാണ്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടേയും ചില സാംസ്‌കാരിക സംഘടനകളുടേയും എതിര്‍പ്പിനെത്തുടര്‍ന്ന ഇത് ഉപേക്ഷിക്കുകയായിരുന്നു.
പുതിയ ഭരണസമിതി അധികാരമേറ്റയുടനെ, കൊട്ടാരം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ പറഞ്ഞിരുന്നു. ആര്‍ട് ഗാലറിയും ലൈബ്രറിയും ഇവിടെ ആരംഭിക്കാനായിരുന്നു പ്ലാന്‍. മന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടാല്‍ നീലേശ്വരം കൊട്ടാരവും ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ടുപോകാതെ സംരക്ഷിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."