'നഷ്ടപരിഹാരം ബിസ്‌ക്കറ്റ് വിതരണം ചെയ്യും പോലല്ല'- വി.കെ സിങ്ങിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുയരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശമാണ് മന്ത്രിയെ വെട്ടിലാക്കിയത്. ഇറാഖില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍, ഇത് ബിസ്‌കറ്റ് വിതരണം ചെയ്യുന്നതു പോലെയല്ല, ഞാനെങ്ങനെ അത് പ്രഖ്യാപിക്കും, ഞാനൊന്നും പോക്കറ്റില്‍ കൊണ്ടുനടക്കുന്നില്ലെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇത് ഫുട്‌ബോള്‍ കളിയല്ല എന്നായിരുന്നു മറുപടി.
മന്ത്രിയുടെ പ്രസ്താവന ലജ്ജാകരവും ഉത്തരവാദിത്വരഹിതവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. മുറിവില്‍ ഉപ്പു പുരട്ടുന്നപോലെയായി മന്ത്രിയുടെ പ്രതികരണമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ 39 പേരുടെ മൃതദേഹ പേടകവുമായി ഇന്ത്യയിലെത്തിയ ദിവസം അമൃതസര്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് മുന്‍ ആര്‍മി ചീഫ് കൂടിയായ മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."