തെക്കുംകര പേരേപ്പാറ ഡാം ഇനി പഞ്ചായത്തിന് സ്വന്തം; ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ സ്ഥിതി ചെയ്യുന്ന പേരേപ്പാറ ഡാം ഇനി പഞ്ചായത്തിന് സ്വന്തം. സ്വകാര്യ വ്യക്തി കൈവശം വെച്ചിരിയ്ക്കുന്ന ഒരേക്കര്‍ എണ്‍പത്തി നാലര സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡാം പ്രദേശത്തെ മരങ്ങളുടെ ചമയവിലയായി നാല് ലക്ഷത്തി പതിനായിരം രൂപ സ്ഥലം കൈവശമിരിയ്ക്കുന്ന വിരുപ്പാക്ക സ്വദേശി പേരേപ്പാറയില്‍ കെ. ഒ ജെയ്ക്കബ്ബിന് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടര ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ ജെയ്ക്കബിന് കൈമാറി. ബാക്കി വരുന്ന ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്കുള്ള ചെക്ക് ഈ ആഴ്ച്ച തന്നെ നല്‍കും. ഡാം വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ജെയ്ക്കബ്ബ് കരാറില്‍ ഒപ്പുവെച്ചു. ഇതോടെ ഡാമിലെ യും, പരിസരത്തേയും തേക്ക്, വീട്ടി തുടങ്ങിയ മരങ്ങള്‍ വനം വകുപ്പ് മുറിച്ച് മാറ്റി വകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റി.
ജലമൊഴുക്കിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മാത്രമെ മുറിച്ച് മാറ്റുകയുള്ളൂവെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷം 47 പിന്നിട്ടിട്ടും ഡാമും, ഒരേക്കര്‍ എണ്‍പത്തി നാലര സെന്റ് സ്ഥലവും ഒഴിപ്പിച്ചെടുക്കുന്നതില്‍ അധികൃതര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന ആരോപണമുയര്‍ന്നിരുന്നു. 1970 ല്‍ ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, 7 1 ല്‍ കമ്മീഷന്‍ ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്യുമ്പോഴാണ് ഡാമിനോട് ചേര്‍ന്ന മരങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ചമയ വില നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യവഹാര നടപടികള്‍ ആരംഭിച്ചത്. വടക്കാഞ്ചേരി മുന്‍സിഫ് കോടതി, സബ്ബ് കോടതി, ഹൈക്കോടതി എന്നിവയില്‍ നാലര പതിറ്റാണ്ടായി കേസ് നിലനില്‍ക്കുകയാണ്.
ഒരു കോടതിയും കൈവശക്കാരനായ ഹരജിക്കാരന് അനുകൂല വിധി പുറപ്പെടുവിച്ചിട്ടുമില്ല. 2016 നവംബര്‍ 7 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നാല് മാസത്തിനുള്ളില്‍ ജില്ലാ കളക്ടറോട് തീരുമാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. . ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ 2017 നവംബര്‍ 18 ന് ഉദ്യോഗസ്ഥരേയും, പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരേയും പങ്കെടുപ്പിച്ച് യോഗം വിളിച്ച് ചേര്‍ക്കുകയും ഭൂമി ഏറ്റെടുക്കാനും ചമയവില സ്ഥലം കൈവശം വെച്ച വ്യക്തിയ്ക്ക് നല്‍കാനും തീരുമാനം എടുക്കുകയും ചെയ്തിരുന്നതാണ്. ഡാം ഏറ്റെടുക്കാന്‍ കളക്ടര്‍ ചമയവില നിശ്ചയിച്ച് നല്‍കാന്‍ കാലതാമസം വന്നതാണ് ഡാം ഏറ്റെടുക്കല്‍ നീണ്ട് പോയത്.
ഈ ആഴ്ച്ച മുഴുവന്‍ തുകയും നല്‍കുന്നതോടെ ഷട്ടര്‍ നിര്‍മ്മാണത്തിന് നടപടി കൈകൊള്ളും. ഇതിന് പഞ്ചായത്ത് 3 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പിന് കൈമാറുമെന്നും, ഈ കാലവര്‍ഷത്തില്‍ തന്നെ ഡാമില്‍ വെള്ളം സംഭരിച്ച് നിര്‍ത്തി കര്‍ഷകര്‍ക്ക് ഗുണപ്രദമായ നടപടി കൈകൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. ശ്രീജ വൈസ് പ്രസിഡണ്ട് സി.വി. സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."