അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ വിമുഖത: കാഞ്ഞിരമറ്റം-മാരിയില്‍ക്കടവ് പാലം നോക്കുകുത്തി
തൊടുപുഴ: അപ്രോച്ച് റോഡ് നിര്‍മ്മാണത്തില്‍ അധികൃതരുടെ വിമുഖത തുടരുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കാഞ്ഞിരമറ്റം-മാരിയില്‍ക്കടവ് പാലം നോക്കുകുത്തിയാകുന്നു.
നിര്‍മാണം പൂര്‍ത്തിയായ പാലം മുതല്‍ കാഞ്ഞിരമറ്റം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗം വരെയുള്ള അപ്രോച്ച് റോഡ് ഉണ്ടാക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ഈ ഭാഗത്തേക്കു റോഡ് പൂര്‍ത്തിയാക്കാന്‍ ഇവിടെ താമസിക്കുന്ന ഒന്‍പതുപേരുടെ സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതിനാണു തീരുമാനം. ഇതിനായി പൊതുമരാമത്ത് അധികൃതര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സംബന്ധിച്ചു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി ചേര്‍ന്നു വില നിശ്ചയിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും സര്‍ക്കാരിന്റെ നിസ്സംഗതമൂലം തുടര്‍നടപടികള്‍ ഉണ്ടായില്ല.
കാഞ്ഞിരമറ്റം ക്ഷേത്രം കവലയ്ക്ക് സമീപം റോഡിലേക്ക് അപ്രോച്ച് റോഡ് നിര്‍മിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. 12 മീറ്റര്‍ വീതിയിലാകും അപ്രോച്ച് റോഡ് നിര്‍മിക്കുക. ഇതോടൊപ്പം ഇടുക്കി റോഡില്‍ മാരിയില്‍ കലുങ്ക് ജങ്ഷന്‍ മുതല്‍ കാഞ്ഞിരമറ്റം വരെ അര കിലോമീറ്ററോളം ഭാഗത്തെ റോഡാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ചു നടപടികള്‍ ആരംഭിച്ചില്ല. പൊന്നുംവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാരിനു പണമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പി.ജെ.ജോസഫ് മന്ത്രിയായിരുന്ന കാലത്താണു മാരിയില്‍ക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പുതന്നെ പാലം പണി പൂര്‍ത്തിയാക്കിയതാണ്, എന്നാല്‍ അപ്രോച്ച് റോഡ് പൂര്‍ത്തിയാകാത്തതിനാല്‍ യാത്രക്കാര്‍ പാലത്തിലൂടെ കടന്നു പുഴയോടു ചേര്‍ന്നുള്ള നടപ്പുവഴിയിലൂടെയാണു കാഞ്ഞിരമറ്റത്തേക്ക് എത്തുന്നത്.
കാഞ്ഞിരമറ്റം മേഖലയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും വികസനം എത്തിക്കുന്ന പാലവും റോഡും ഉടന്‍തന്നെ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പൊതുമരാമത്തു വകുപ്പ് അഞ്ചര കോടി രൂപ പാലത്തിന് അനുവദിച്ചിരുന്നു. കാഞ്ഞിരമറ്റത്തേക്കുള്ള അപ്രോച്ച് റോഡ് കടന്നു പോകുന്ന ഭാഗത്തെ ചില സ്ഥല ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് റോഡുനിര്‍മാണം അനന്തമായി നീളുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. തൊടുപുഴ ടൗണിന്റെ ഒരു വിളിപ്പാട് അകലെയുള്ള കാഞ്ഞിരമറ്റത്തേക്ക് ഇപ്പോള്‍ എത്തണമെങ്കില്‍ മൂപ്പില്‍ക്കടവ് പാലം കടന്ന് പഴയ റോഡിലൂടെ ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം.
അതേസമയം, പുതിയ പാലത്തോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡ് പൂര്‍ത്തിയായാല്‍ മാരിയില്‍ കലുങ്കില്‍നിന്നു 500 മീറ്ററോളം സഞ്ചരിച്ചാല്‍ ഇവിടെ എത്താന്‍ സാധിക്കും. കാഞ്ഞിരമറ്റം, കീരികോട്, തെക്കുംഭാഗം, ഇടവെട്ടി, അഞ്ചിരി മേഖലകളിലേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ക്ക് പുതിയ പാലവും റോഡും എളുപ്പവഴിയാകും. തൊടുപുഴയില്‍നിന്ന് ഈ ഭാഗത്തേക്കുള്ള യാത്രാദൂരവും ഒരു കിലോമീറ്ററിലേറെ കുറയ്ക്കുന്നതാണു പുതിയ പാലവും റോഡും. അപ്രോച്ച് റോഡ് കാഞ്ഞിരമറ്റം പഴയ റോഡിലേക്കു സന്ധിക്കുന്നതിനൊപ്പം ഇവിടെനിന്നു മുതലിയാര്‍മഠം വഴി കാരിക്കോടിനു പുതിയ അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ള തീരുമാനവും പ്രദേശവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ്. കാരിക്കോടിനുള്ള അപ്രോച്ച് റോഡ് പൂര്‍ത്തിയായാല്‍ മങ്ങാട്ടുകവല, കാരിക്കോട് ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് നഗരത്തിലെ തിരക്കില്‍പെടാതെ തന്നെ എളുപ്പം കാഞ്ഞിരമറ്റം വഴി മാരിയില്‍കലുങ്കിലെത്തി ഇടുക്കി റോഡിലൂടെ ഈരാറ്റുപേട്ട, ഇടുക്കിം ഭാഗങ്ങളിലേക്കും പാലാ ഭാഗത്തേക്കും പോകാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."