ബഹ്റൈനില്‍ ചായ വിറ്റ് കുടുംബം പോറ്റുന്ന പ്രവാസിയുടെ വീട് ജപ്തി ഭീഷണിയില്‍
മനാമ: 'ഗള്‍ഫിലെ ചൂടും തണുപ്പും' വകവയ്ക്കാതെ പകലന്തിയോളം ബഹ്റൈന്‍ തലസ്ഥാന നഗരിയായ മനാമയിലൂടെ നടന്ന് ചായ വിറ്റു കുടുംബം പോറ്റാന്‍ പാടുപെടുന്ന പ്രവാസി മലയാളിയുടെ വീട് ജപ്തി ഭീഷണിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ അക്ബര്‍ അലി എന്ന 51 കാരനാണ് ഈ ദുരവസ്ഥ.
ഭാര്യയും പെണ്മക്കളും താമസിച്ചു വരുന്ന നാട്ടിലെ സ്വന്തം വീടാണ് വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കാത്തതിനാല്‍ ജപ്തി നടപടികള്‍ നേരിടുന്നത്. കുടുംബത്തെ പോറ്റാനായി ചൂടും തണുപ്പും വകവയ്ക്കാതെ ഇരുകൈകളിലും ചായയും പലഹാരവുമേന്തി മനാമയുടെ തെരുവ് വീഥികളിലൂടെ കടകളും ഓഫീസുകളും കയറിയിറങ്ങി ചായ വില്‍പ്പന തുടരുമ്പോഴും അക്ബറലിയുടെ ഹൃദയാന്തരങ്ങളില്‍ നിറയുന്നത് സ്വന്തം വീടും പരുവഴിയിലേക്കിറങ്ങേണ്ടി വരുന്ന ഭാര്യയുടെയും മക്കളുടെയും മുഖങ്ങളുമാണ്.
ബഹ്റൈനിലെത്തും മുന്‍പ് വര്‍ഷങ്ങളോളം കുവൈത്തിലായിരുന്നു അക്ബറലി ജോലി ചെയ്തിരുന്നത്. അപ്പോഴാണ് തന്റെ സ്വപ്നമായ ഈ വീടു നിര്‍മിച്ചതെന്നും ആ വീട് നഷ്ടപ്പെടുന്നത് തനിക്ക് സഹിക്കാനാകില്ലെന്നും അക്ബറലി ഇടറിയ സ്വരത്തില്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. തന്റെ മൂത്ത രണ്ട് പെണ്മക്കളുടെ വിവാഹാവശ്യത്തിന് വേണ്ടിയാണ് വീടും സ്ഥലവും ഈട് നല്കി ജില്ലാ സഹകരണ ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വായ്പയെടുക്കേണ്ടി വന്നത്. എന്നാല്‍, എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ അടക്കേണ്ട തുക 15 ലക്ഷമാവുകയും ഒടുവിലിപ്പോള്‍ ജപ്തി നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു.
തിരിച്ചടവ് ഇനിയും വൈകിയാല്‍ വീടുംസ്ഥലവും ജപ്തിചെയ്യുമെന്ന അവസാന മുന്നറിയിപ്പും ബാങ്ക് നല്കിക്കഴിഞ്ഞിരിക്കുകയാണെന്നും തുച്ഛവരുമാനക്കാരനായതിനാല് ലക്ഷങ്ങളുടെ വായ്പ എങ്ങനെ അടച്ചു തീര്‍ക്കുമെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ലെന്നും അക്ബറലി പറഞ്ഞു. അഭിമാന ബോധത്താല്‍ ഇതുവരെ മറ്റാരോടും സഹായം തേടാതെ ജീവിക്കുന്ന അക്ബറലിക്കാവട്ടെ ഒരു ചായക്ക് ഒരു രൂപ എന്ന നിലയിലാണ് വരുമാനം. അതില്‍ നിന്നു തന്നെ തന്റെ സ്വന്തം ചിലവുകളും വീട്ടാവശ്യങ്ങളും നടക്കണം. ശിഷ്ടമുള്ളത് മാത്രമേ വായ്പ തിരിച്ചടക്കാന്‍ ഉപയോഗിക്കാന്‍ കഴിയൂ. അതിന് ഇനി എത്രകാലം പിടിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല.
കരുണവറ്റാത്ത ആരെയെങ്കിലും പടച്ച തമ്പുരാന് തന്റെ മുന്നില്‍ എത്തിക്കുമെന്ന ഉത്തമവിശ്വാസം മാത്രമാണ് അക്ബറലിക്ക് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ ദിവസം മനാമ യത്തീം സെന്ററിനു സമീപത്തെ പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞിറങ്ങിയ അക്ബറലിയെ നേരില്‍ കണ്ടപ്പോഴും തന്റെ കിടപ്പാടം നഷ്ടപ്പെടരുതേ എന്ന ഒറ്റ പ്രാര്‍ത്ഥനയിലാണ് താനുള്ളതെന്ന് അദ്ദേഹം വികാരഭരിതനായി സുപ്രഭാതത്തോട് പറഞ്ഞു.
ഇതു പറഞ്ഞ് ഇരുകൈകളിലും ചായപാത്രങ്ങളുമേന്തി അടുത്ത കട ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്ന അക്ബറലിയുടെ ആ പ്രാര്‍ത്ഥന നിഷ്ഫലമാവാതിരിക്കാന്‍ ഉദാരമതികള്‍ കനിഞ്ഞേ തീരൂ..
അക്ബറലിയുമായി ബന്ധപ്പെടാനുള്ള ബഹ്റൈന്‍ ഫോണ്‍ നമ്പറും വാട്സ് ആപ്പ് നമ്പറും: 097335035277.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."