കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാസര്‍ക്കോട്ട് കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജയെ അപമാനിച്ച സംഭവത്തിലാണ് കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി ഇടപ്പെട്ടത്.
അധ്യാപികയെ സ്വന്തം അമ്മയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് വേണം കാണാന്‍. അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ല. അതിനാല്‍ ഇത് സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ലിത്. അതിനേക്കാള്‍ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജ വരുന്ന മെയ് 30ന് വിരമിക്കാനിരിക്കുകയാണ്. ചില അധ്യാപകര്‍ കൂടി കോളജില്‍ നിന്ന് വിരമിക്കുന്നതിനാല്‍ ഒരാഴ്ച്ച മുന്‍പ് പ്രിന്‍സിപ്പലിനും സഹഅധ്യാപകര്‍ക്കും മാനേജ്‌മെന്റ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഈ ചടങ്ങ് നടക്കുന്നതിനിടെയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ കോളജിന്റെ ചുമരില്‍ പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാഞ്ജലി ബോര്‍ഡ് സ്ഥാപിക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടിപ്പിക്കുകയും ചെയ്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം അടക്കം മൂന്ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ആദരാഞ്ജലി ബോര്‍ഡ് സ്ഥാപിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിന് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആദരാഞ്ജലി ബോര്‍ഡിന് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരല്ലെന്നും ജില്ലാ കമ്മിറ്റിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ നേതാവിനെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് 1.30ന് കോളജില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധസംഗമം നടക്കും. പ്രിന്‍സിപ്പലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച്ച കെ.എസ്.യു കാഞ്ഞങ്ങാട് ഗുരുവന്ദനം പരിപാടിയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."